സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന കെ-സ്മാർട്ട് ആപ്ലിക്കേഷൻ ലോഞ്ച് ചെയ്യാൻ ഇനി ദിവസങ്ങൾ മാത്രം. നിലവിൽ, ആപ്പ് അവസാനഘട്ട മിനുക്കുപണിയിലാണ്. പൊതുജനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങൾ വഴി ലഭ്യമാകുന്ന സേവനങ്ങൾ ഡിജിറ്റലായി എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇതോടെ, ലോകത്തിന്റെ ഏത് കോണിലിരുന്നും മലയാളികൾക്ക് കെ-സ്മാർട്ടിലൂടെ വിവാഹ സർട്ടിഫിക്കറ്റുകൾ അടക്കമുള്ള രേഖകൾ സ്വന്തമാക്കാനാകും. ഇതിനായി തദ്ദേശ സ്ഥാപനങ്ങളിൽ നേരിട്ട് എത്തേണ്ട ആവശ്യമില്ല.

ആദ്യ ഘട്ടത്തിൽ നഗരസഭകളിലാണ് കെ-സ്മാർട്ടിന്റെ സേവനം എത്തുക. തുടർന്ന് ഏപ്രിൽ മാസത്തോടെ പഞ്ചായത്തുകളിലും സേവനം ലഭ്യമാകും. സോഫ്റ്റ്‌വെയറിലെ വീഡിയോ കെവൈസി സംവിധാനത്തിലൂടെയാണ് ഓൺലൈനിൽ നടപടികൾ പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ നൽകുക. കെ-സ്മാർട്ടിൽ ലഭിക്കുന്ന വിവാഹ രജിസ്ട്രേഷൻ അപേക്ഷ ഉദ്യോഗസ്ഥർ പരിശോധിച്ച് ദമ്പതികളുമായി വീഡിയോ കോൺഫറൻസ് നടത്തും. തുടർന്ന് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ബ്ലോക്ക് ചെയിൻ, തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയാണ് കെ-സ്മാർട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വിവാഹ സർട്ടിഫിക്കറ്റുകൾക്ക് പുറമേ, കെട്ടിട പെർമിറ്റുകളും സെക്കന്റുകൾക്കകം സ്വന്തമാക്കാൻ സാധിക്കും. ചട്ടങ്ങൾ പാലിച്ചുള്ള അപേക്ഷകൾക്കാണ് ഉടനടി പെർമിറ്റ് അനുവദിക്കുക. 3000 സ്ക്വയർ ഫീറ്റ് വരെയുള്ള നിർമ്മാണങ്ങൾക്ക് ഉടമയും, ബിൽഡിംഗ് ഡിസൈനറും സംയുക്തമായി നൽകുന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് പെർമിറ്റ് അനുവദിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ പത്തിലേറെ സേവനങ്ങൾ കെ-സ്മാർട്ട് വഴി പൊതുജനങ്ങൾക്ക് ലഭിക്കുന്നതാണ്

error: Content is protected !!