
ബർ ദുബായിലെ 60 വര്‍ഷത്തോളം പഴക്കമുള്ള ഹിന്ദു ക്ഷേത്രം ജബൽ അലിയിലേക്ക് മാറ്റുന്നു. അടുത്ത വർഷം ജനുവരി മൂന്ന് മുതൽ ജബൽ അലിയിൽ നിന്നാകും ക്ഷേത്ര സേവനങ്ങൾ ലഭ്യമാവുകയെന്ന് ഭാരവാഹികൾ അറിയിച്ചു. 1950 ൽ നിർമ്മിച്ച ബർ ദുബായിലെ ക്ഷേത്രം യുഎഇയിലെ ഹൈന്ദവ സമൂഹത്തിന്റെ പ്രധാന ആരാധനാലയമാണ്.ബർ ദുബായിലെ ശിവക്ഷേത്രത്തിന്റെ എല്ലാ പ്രവേശന കവാടങ്ങളിലും ക്ഷേത്രം ജബൽ അലിയിലേക്ക് മാറ്റിയതായി നോട്ടീസ് പതിച്ചിട്ടുണ്ട്. യുഎഇയുടെ സഹിഷ്ണുതയുടെ പ്രതിരൂപമായി നിലകൊള്ളുന്ന നിർമ്മിതി കൂടിയാണ് ഈ ക്ഷേത്രം. പ്രവാസത്തിന്റ മൂന്ന് തലമുറകൾക്ക് മുമ്പാണ് ക്ഷേത്രം സ്ഥാപിക്കപ്പെട്ടത്. പിന്നീട് യുഎഇയിലെ ഹൈന്ദവ സമൂഹത്തിന്റെ പ്രധാന കേന്ദ്രമായി ക്ഷേത്രം മാറി.
രാവിലെ ആറു മുതൽ രാത്രി പത്ത് വരെയാണ് ക്ഷേത്രത്തിലെ ദർശന സമയം. വിശേഷ ദിവസങ്ങളിൽ ദർശന സമയം കൂട്ടാറുണ്ട്. ഹൈന്ദവ വിശ്വാസികളായ നിരവധി ഇന്ത്യൻ വംശജർ പതിവായി എത്തുന്ന ഇടം കൂടിയാണ് ബർ ദുബായി ശിവക്ഷേത്രം. അതേസമയം കൂടുതൽ ഭക്തരെ ഉൾക്കൊള്ളാനുള്ള പരിമിതിയുമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഭക്തർക്ക് കൂടുതൽ സൗകര്യത്തോടെ പ്രാർത്ഥനയും മറ്റും നിർവ്വഹിക്കാൻ സാധിക്കും വിധം വിശാലമായ ജബൽ അലിയിലെ പുതിയ ക്ഷേത്രത്തിലേക്ക് ശിവക്ഷേത്രം മാറ്റുന്നത്




