
ഭക്ഷ്യ പൊതുവിതരണ വകുപ്പുന്റെ ആഭിമുഖ്യത്തിൽ ജലവിഭവ കുപ്പിന്റെ സഹകരണത്തോടെ കുറഞ്ഞ നിരക്കിൽ സംസ്ഥാനത്തെ റേഷൻകടകളിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന സുജലം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. ഉച്ചയ്ക്ക് 2 മണിയ്ക്ക് തിരുവനന്തപുരം തൈക്കാട്, ഗവ. റസ്റ്റ് ഹൗസ് ഹാളിൽ ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിലാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്.ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു എന്നിവർ പങ്കെടുക്കും. സുജലം പദ്ധതിയിലൂടെ സംസ്ഥാനത്തെ എല്ലാവർക്കും ഗുണ നിലവാരമുള്ള ഒരു ലിറ്റർ കുപ്പി കുടിവെള്ളം 10 രൂപയ്ക്ക് റേഷൻകടകളിലൂടെ ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്ര സ്ട്രക്ടർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ അധീനതയിൽ ഉത്പാദിപ്പിക്കുന്ന ഹില്ലി അക്വാ -യുടെ കുടിവെള്ളമാണ് ഈ പദ്ധതിയിലൂടെ റേഷൻകടകൾ വഴി വിൽപന നടത്തുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ റേഷൻ കടകളിലാണ് ആദ്യ ഘട്ടത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്.



