
തിരുവനന്തപുരം: സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിജി ഡോക്ടര്‍ റുവൈസിനെ സസ്പെന്‍ഡ് ചെയ്തു. ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തത്.
അതേസമയം, യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവം സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം. സംഭവത്തില്‍ നിയമപരമായ നടപടി എടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു


