ക്ഷീരകര്‍ഷകര്‍ക്ക് ഇട്ടിവ ഗ്രാമപഞ്ചായത്തിലെ കാമധേനു കിടാരിപാര്‍ക്കില്‍ നിന്ന് മികച്ച പശുക്കളെ വാങ്ങാന്‍ അവസരം. പശുക്കളെ ഇടനിലക്കാരില്ലാതെ കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കുകയാണ് അണപ്പാട് സ്വദേശിനി നസീലയുടെ കാമധേനു ഡയറിഫാമിനോട് അനുബന്ധിച്ചുള്ള കിടാരി പാര്‍ക്കിലൂടെ. ക്ഷീരവികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് വികസന പദ്ധതിയുടെ ഭാഗമാണിത്.
കിടാരികളെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങി വളര്‍ത്തി കറവപശുക്കളാക്കി നല്‍കുകയാണ് ഇവിടെ. ചടയമംഗലം ക്ഷീരവികസന യൂണിറ്റ് മുഖാന്തരം അനുവദിച്ചപാര്‍ക്കില്‍ നിന്നും പ്രതിവര്‍ഷം 50 പശുക്കളെ വീതം കര്‍ഷകര്‍ക്ക് വില്ക്കാന്‍ കഴിയുന്നുണ്ട്.
ചാണകവും ഗോമൂത്രവും ജൈവവാതകപ്ലാന്റില്‍ ശേഖരിച്ച് ഗാര്‍ഹികാവശ്യത്തിനുള്ള പാചക ഇന്ധനം ഉണ്ടാക്കുന്നുമുണ്ട്. ഉപയോഗശേഷമുള്ള ചാണകം കമ്പോസ്റ്റ് കമ്പനിക്ക് വില്ക്കുന്നു. ഗോമൂത്രവും തൊഴുത്ത് വൃത്തിയാക്കുന്ന വെള്ളവും തീറ്റപ്പുല്ല് കൃഷിക്കും ഉപയോഗപ്പെടുത്തുന്നു.


കിടാരി പാര്‍ക്കിന് പുറമേ മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ എഗ്ഗ് നഴ്സറിയും നടത്തുന്നുണ്ട്. 46 ദിവസം കൂടുമ്പോള്‍ 6000 കോഴിക്കുഞ്ഞുങ്ങളെ വില്ക്കുന്നു. കൃത്രിമ ബീജാധാനത്തിനും ഫാമില്‍ സംവിധാനമുണ്ട്.
പദ്ധതിക്ക് രണ്ട് വര്‍ഷത്തെ ആകെ ചെലവ് 38,86,875 രൂപയാണ്. 50 കിടാരികള്‍, അത്യാധുനിക കാലിത്തൊഴുത്ത് (സ്റ്റോറും ഉള്‍പ്പെടെ), ഇന്‍ഷുറന്‍സ് ചാര്‍ജ്, ട്രാന്‍സ്പോര്‍ട്ടേഷന്‍, തീറ്റപുല്‍കൃഷി, കാലിത്തീറ്റ, മരുന്ന്, ലൈസന്‍സ് ചാര്‍ജ്, സൂപ്പര്‍വൈസര്‍, ലേബര്‍ ചാര്‍ജ് തുടങ്ങിയവയെല്ലാം ചേര്‍ത്ത് ഒന്നാം വര്‍ഷം 26,07,728 രൂപ ചെലവായി. ആദ്യഘട്ടത്തില്‍ തന്നെ 9 ലക്ഷം രൂപയും രണ്ടാംഘട്ടത്തില്‍ 6 ലക്ഷം രൂപയും ഉള്‍പ്പെടെ 15 ലക്ഷം രൂപ വകുപ്പ് ധനസഹായമായി അനുവദിച്ചിരുന്നു.