കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ കോട്ടപ്പുറം ലക്ഷം വീട് കോളനിയിൽ ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ സാംസ്‌കാരിക നിലയം വരുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23, വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപയും,2023-24 പദ്ധതിയിലെ 7 ലക്ഷം രൂപയും ചിലവഴിച്ചുകൊണ്ടാണ് ആധുനിക രീതിയിലുള്ള സാംസ്‌കാരിക നിലയം പൂർത്തീകരിക്കുന്നത്.

നിർമ്മാണ പ്രവർത്തനങ്ങൾ ഏതാണ്ട് അവസാന ഘട്ടത്തിലാണ്. ഒരു വിശാലമായ കോൺഫറൻസ് ഹാൾ, ഓഫീസ് റൂം, ശുചിമുറി,ഇവിടെയ്ക്കുവേണ്ട എല്ലാ ഫർണിച്ചറുകൾ, അനുബന്ധ സൗകര്യങ്ങൾ ഉൾപ്പടെ അടങ്ങുന്നതാണ് പദ്ധതി. കോളനിയിലേയും, സമീപ പ്രദേശത്തേയും കുടുംബങ്ങൾക്ക് പദ്ധതി മുതൽക്കൂട്ട് ആകുമെന്നും,പ്രദേശത്ത് സാംസ്‌കാരിക മുന്നേറ്റവും പദ്ധതി ലക്ഷ്യമിടുന്നു എന്നും പഞ്ചായത്ത്‌ മെമ്പർ എസ് ഷജി അഭിപ്രായപ്പെട്ടു.

പദ്ധതി യാഥാർഥ്യമാക്കാൻ എല്ലാ പിന്തുണയും നൽകിയ ബ്ലോക്ക് പ്രസിഡന്റ്‌ ലതിക വിദ്യാധരൻ, കടയ്ക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ, വാർഡ് മെമ്പർ സി ആർ ലൗലി എന്നിവർക്ക് പ്രത്യേകം നന്ദി ഈ അവസരത്തിൽ അറിയിക്കുന്നതായും ഷജി പറഞ്ഞു.

വേഗത്തിൽ പണികൾ പൂർത്തീകരിച്ച് നാടിന് സമർപ്പിക്കാനാണ് ബ്ലോക്ക് ഭരണ സമിതിയുടെ തീരുമാനം.പദ്ധതി കൊണ്ടുവന്ന മുഴവൻ ജനപ്രതിനിധികൾക്കും,പൊതുപ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായി ലക്ഷംവീട് നിവാസികൾ അറിയിച്ചു.