
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി പൂർത്തീകരണത്തിന്റെ ഭാഗമായി വിപുലമായ തലസ്ഥാന മേഖല വികസന പരിപാടിക്ക് തുടക്കം കുറിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിംഗ് റോഡ് ഇതിന്റെ ഭാഗമാണ്. വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ ആറുവരിപ്പാതയും ഇരു വശങ്ങളിലുമായി നോളഡ്ജ് ഹബ്ബുകൾ, വ്യവസായ പാർക്കുകൾ, വിനോദ കേന്ദ്രങ്ങൾ, ടൗൺ ഷിപ്പുകൾ എന്നിവയുമാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ക്രെയിനുകൾ സ്ഥാപിക്കുന്നതിനായി ആദ്യ കപ്പലുകൾ എത്തിച്ചേർന്നിട്ടുണ്ട്. 2024ൽ തുറമുഖം കമ്മിഷൻ ചെയ്യാൻ സാധിക്കുമെന്നും നവകേരള സദസിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
‘നവകേരള സദസ്സ്’ എന്ന ജനകീയ സംവാദ പരിപാടി ജനാധിപത്യ ഭരണ നിർവ്വഹണ ചരിത്രത്തിലെ അത്യപൂർവ്വമായ അധ്യായമായി മാറിയെന്നു മുഖ്യമന്ത്രി പറഞ്ഞു. ഈ യാത്രയിൽ ജനങ്ങളെ കാണുന്നതിനോടൊപ്പം കഴിഞ്ഞ വർഷങ്ങളിൽ പൂർത്തിയാക്കിയ വികസന നടപടികൾ നേരിട്ട് വിലയിരുത്താനും മന്ത്രിമാർ ശ്രമിച്ചിട്ടുണ്ട്. പൈവെളിഗെയിൽ ഉദ്ഘാടന വേദിയിലേക്ക് പോകുമ്പോൾ വാഹനം നിർത്തി ദേശീയ പാതാ വികസനത്തിന്റെ പൂർത്തീകരണ രംഗങ്ങൾ കണ്ടു. കാസർഗോഡ് തലപ്പാടി മുതൽ കേരളത്തിന്റെ അടിസ്ഥാനസൗകര്യ മേഖലയിൽ വൻകുതിപ്പു സൃഷ്ടിക്കാൻ ഈ പാത കൊണ്ട് സാധിക്കും. മുടങ്ങിക്കിടന്നിരുന്ന ഈ പദ്ധതി സാധ്യമായത് 2016 ലെ സർക്കാരിന്റെ ഇടപെടൽ കാരണമാണ്. രാജ്യത്ത് മറ്റൊരിടത്തും ഇല്ലാത്ത വിധം സ്ഥലം ഏറ്റെടുക്കുമ്പോൾ നൽകേണ്ട നഷ്ടപരിഹാര തുകയിൽ 25 ശതമാനം സംസ്ഥാനം വഹിക്കേണ്ടി വന്നു. ഇതുവരെ കിഫ്ബി വഴി 5,580.74 കോടി രൂപ സംസ്ഥാനം ചെലവഴിച്ചിട്ടുണ്ട്. 2025 ഓടെ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദേശീയ പാതാ വികസനം നമ്മുടെ നേട്ടങ്ങളുടെ ഒരു ഭാഗം മാത്രമാണ്. പുതുവൈപ്പിനിലെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ എൽ പി ജി ഇമ്പോർട്ട് ടെർമിനലിന്റെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി വീടുകളിലേക്ക് കണക്ഷൻ എത്തിക്കുന്ന നടപടി വിവിധ ജില്ലകളിൽ പുരോഗമിക്കുന്നു. അതോടൊപ്പം സി എൻ ജി സ്റ്റേഷനുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്കും അതിവേഗം നടക്കുന്നു. വടക്കേ മലബാറിലെ ബൃഹദ് പദ്ധതിയായ മുഴപ്പിലങ്ങാട് ബീച്ചിന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ 2024ൽ ഉദ്ഘാടനം ചെയ്യാൻ കഴിയും. വിജ്ഞാനാധിഷ്ഠിത സമൂഹം രൂപപ്പെടുത്താനുള്ള ചുവടുവെയ്യ്പിന് കരുത്തേകി ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ യൂണിവേഴ്‌സിറ്റിക്ക് ടെക്നോപാർക് ഫേസ് നാലിൽ തുടക്കം കുറിച്ചു. ഈ പദ്ധതിക്കായി അനുവദിച്ചത് 200 കോടി രൂപയാണ്. ഡിജിറ്റൽ സർവ്വകലാശാലയോട് ചേർന്ന് ടെക്നോസിറ്റിയിലെ 14 ഏക്കറിൽ ഏകദേശം 1,515 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന ഡിജിറ്റൽ സയൻസ് പാർക്ക് ദീർഘവീഷണത്തിന്റെ മറ്റൊരു മാതൃകയാണ്. രണ്ടു വർഷത്തിനുള്ളിൽ 2,50,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള രണ്ട് കെട്ടിടങ്ങൾ പൂർത്തിയാവുകയും പാർക്ക് പൂർണ്ണതോതിൽ പ്രവർത്തന സജ്ജമാവുകയും ചെയ്യും.
കേരളത്തെ ലോകത്തിലെ പ്രധാന എയ്റോ സ്പേയ്സ് ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും കേന്ദ്രമാക്കി മാറ്റുന്നതിനും ബഹിരാകാശ, വ്യോമയാന, പ്രതിരോധ മേഖലകളിൽ വ്യവസായങ്ങൾ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കേരള സർക്കാരിന്റെ പ്രധാന സംരംഭങ്ങളിലൊന്നാണ് കേരള സ്പേസ് പാർക്ക്‌സ് പ്രോജക്റ്റ് (കെ സ്പേയ്സ്). തിരുവനന്തപുരം ടെക്നോസിറ്റിയിൽ 20 ഏക്കർ സ്ഥലമാണ് സ്പേസ് പാർക്കിന്റെ പ്രധാന ഓഫിസിനായി അനുവദിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിനായി കണ്ണൂർ ജില്ലയിൽ കല്യാട് വില്ലേജിൽ 311.76 ഏക്കർ സ്ഥലം കണ്ടെത്തുകയും അതിൽ 36.57 ഏക്കർ ഭൂമി ആദ്യഘട്ടം നടപ്പാക്കുന്നതിനു കൈമാറുകയും ചെയ്തു. ഇത് ഇന്ത്യയിലെ തന്നെ എറ്റവും വലിയ ആയുർവേദ വികസനത്തിനും ഗവേഷണത്തിനുമുള്ള ക്രേന്ദ്രമായിരിക്കും.
ഒരു ലക്ഷത്തിലധികം പേർക്ക് തൊഴിൽ ലഭിക്കുന്ന കൊച്ചി – ബാംഗ്ലൂർ വ്യവസായ ഇടനാഴിക്കായി പാലക്കാടും എറണാകുളത്തുമായി അഞ്ചിടങ്ങളിൽ ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുന്നു. 2,152 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടതിൽ ഇതുവരെ 1,240 ഏക്കർ ഏറ്റെടുക്കാൻ കഴിഞ്ഞു. നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ് 3,815.46 കോടി രൂപയുടെ പദ്ധതി വിഹിതത്തിന് 2023 മാർച്ചിൽ അംഗീകാരം നൽകി. അത് നിലവിൽ കേന്ദ്ര ഗവൺമന്റിന്റെ പരിഗണനയിലാണ്. വ്യവസായ ഇടനാഴി സാക്ഷാത്കരിക്കപ്പെടുന്നതോടെ പാലക്കാട് ജില്ലയിൽ മാത്രം പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് ഉണ്ടാകാൻ പോകുന്നത്. 585 കോടി നികുതിയിനത്തിൽ സർക്കാരിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചി – ബാഗ്ലൂർ ഇടനാഴിയുടെ ഭാഗമായി രാജ്യത്തെ രണ്ടാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ ഗിഫ്റ്റ് സിറ്റിയുടെ സ്ഥലമേറ്റെടുക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചു. കിഫ്ബി വഴി 850 കോടി രൂപയാണ് സ്ഥലമേറ്റെടുപ്പിനു ചിലവഴിക്കുന്നത്.
തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ മേൽനോട്ടത്തിൽ സ്ഥാപിച്ച ഇൻസ്റിറ്റിയൂട്ട് ഓഫ് അഡ്വാൻസ് വൈറോളജി ഗവേഷണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പുതിയ കെട്ടിടത്തിന്റേയും 8 ലാബുകളുടെയും ഉദ്ഘാടനം കഴിഞ്ഞു. നിലവിൽ 88 തരം വൈറസുകൾ ഡിറ്റക്ട് ചെയ്യാനുള്ള സൗകര്യം സ്ഥാപനത്തിലുണ്ട്. മലയോര മേഖലയിലെ പശ്ചാത്തല വികസനത്തിനായി കാസർഗോഡ് നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം പാറശ്ലാല വരെ 13 ജില്ലകളിലായി 1,251 കിലോമീറ്റർ നീളത്തിൽ 3,500 കോടി രൂപ ചെലവിലാണ് മലയോര ഹൈവേ നിർമ്മിക്കുന്നത്. ഇതിൽ 133.66 കിലോമീറ്റർ പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നു കൊടുത്തു. 735 കിലോമീറ്ററിന് സാമ്പത്തികാനുമതിയും 482 കിലോമീറ്ററിന് സാങ്കേതികാനുമതിയും നൽകി. തിരുവനന്തപുരം ജില്ലയിലെ പൂവാറിൽ നിന്ന് ആരംഭിച്ച് കാസർകോട് ജില്ലയിലെ തലപ്പാടിക്ക് സമീപം കുഞ്ചത്തൂരിൽ അവസാനിക്കുന്ന തീരദേശപാത തീരദേശമേഖലയുടെ അടിസ്ഥാനസൗകര്യത്തിൽ വലിയ കുതിപ്പു സൃഷ്ടിക്കും. കൊല്ലം, വിഴിഞ്ഞം, വല്ലാർപാടം തുടങ്ങിയ പ്രധാന തുറമുഖങ്ങളെയും മറ്റ് നിരവധി ചെറിയ തുറമുഖങ്ങളെയും ഇത് ബന്ധിപ്പിക്കും. ഹൈവേയുടെ ആകെ നീളം ഏകദേശം 600 കിലോമീറ്ററാണ്. ഈ പദ്ധതിക്ക് 2017 ലെ സംസ്ഥാന ബജറ്റിൽ 6,500 കോടി രൂപയുടെ തത്വത്തിലുള്ള അനുമതി നൽകിയിട്ടുണ്ട്.
താമരശ്ശേരിചുരം റോഡിന് ബദലായി നിർമ്മിക്കുന്നതാണ് ആനക്കാംപൊയിൽ കല്ലാടി മേപ്പാടി തുരങ്ക പാത. അത് വയനാട്ടുകാരുടെ ദീർഘകാല സ്വപ്നമാണ്. 8.11 കി.മീ ദൂരത്തിൽ രണ്ട് വരിയായാണ് പാത നിർമ്മിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ നടപടി അവസാന ഘട്ടത്തിലാണ്. ഒന്നാം ഘട്ട ഫോറസ്ററ് ക്ലിയറൻസ് വനം മന്ത്രാലയത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. പരിസ്ഥിതി ആഘാത പഠനം പൂർത്തിയാക്കുകയും ചെയ്തു. പദ്ധതിയുടെ ഏകദേശ നിർമ്മാണ ചെലവ് 2134 കോടി രൂപയാണ്. ശബരിമല വിമാനത്താവളത്തിനായി കാഞ്ഞിരപ്പിള്ളി താലൂക്കിലെ മണിമല, എരുമേലി സൗത്ത് വില്ലേജുകളിലായി 2,750 ഹെക്ടറോളം ഭൂമി ഏറ്റെടുക്കാനാണ് തീരുമാനിച്ചത്. ഈ പദ്ധതിക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ഏകദേശ നിർമ്മാണ ചെലവ് 3,411 കോടി രൂപയാണ്. കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായുള്ള നടപടിക്രമങ്ങളും തയ്യാറായിവരുന്നു.
കേരളത്തിന്റെ അഭിമാനപദ്ധതികളിലൊന്നായ കെഫോണിന്റെ 7,556 കി.മീ. ബാക്ബോൺ സ്ഥാപിക്കാനുള്ളതിൽ 6,546 കി.മീ. പൂർത്തിയാക്കി. 22,802 കി.മീ. എ.ഡി.എസ്.എസ്. കേബിൾ ഒ.എഫ്.സി. ആക്‌സസ് കേബിൾ എന്നിവ സ്ഥാപിക്കാനുള്ളതിൽ 18,615 കി.മീ. പൂർത്തീകരിച്ചു. 27,651 ഓഫീസുകളിൽ കണക്ഷൻ നൽകുന്നതിനുള്ള ഉപകരണങ്ങൾ സ്ഥാപിക്കുകയും 18,063 ഓഫീസുകളിൽ ഇന്റർനെറ്റ് സൗകര്യം ഉറപ്പുവരുത്തുകയും ചെയ്തു. 20 ലക്ഷം കുടുംബങ്ങൾക്ക് അതിവേഗ ഇന്റർനെറ്റ് സൗജന്യമായി ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. 3715 കുടുംബങ്ങൾക്ക് ഇതുവരെ കണക്ഷൻ നൽകി. 6200 വീടുകളിൽ കേബിൾ എത്തിച്ചു.
അന്താരാഷ്ട്ര ശ്രദ്ധ നേടിയ കൊച്ചി വാട്ടർമെട്രോ പദ്ധതിയുടെ ചെലവ് 1,136.83 കോടി രൂപയാണ്. 30 ബോട്ടുജട്ടികൾ ഉള്ള ഈ പദ്ധതിയിൽ മെട്രോ സ്റ്റേഷനുകളെയും ബസ് ടെർമിനലുകളെയും ബന്ധിപ്പിച്ചുകൊണ്ട് 78 ബോട്ടുകളാണ് സർവ്വീസ് നടത്തുക. നിലവിൽ 3 റൂട്ടുകളും 12 ബോട്ടുകളും 8 ജെട്ടികളും പ്രവർത്തനസജജമായി. 2023 ഏപ്രിൽ 25 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ച വാട്ടർ മെട്രോയ്ക്ക് ജനങ്ങളിൽ നിന്നും അഭൂതപൂർവമായ വരവേൽപാണ് ലഭിച്ചത്. കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ഇതുവരെ ഉപയോഗിച്ചത് 12.5 ലക്ഷത്തിൽ അധികം ആളുകളാണ്. കാസർഗോഡിനെയും തിരുവനന്തപുരത്തെയും ബന്ധിപ്പിക്കുന്ന ദേശീയ ജലപാത പൂർത്തീകരിക്കുന്നതിനായി കേരള വാട്ടർവേയ്സ് ഇൻഫ്ലാസ്‌ട്രെക്ച്ചർ എന്ന പുതിയ കമ്പനിക്ക് സർക്കാർ രൂപം നൽകി. കോവളം മുതൽ ബേക്കൽ വരെ നീളുന്ന 616 കി.മീ. ദൈർഘ്യമുള്ള പശ്ചിമതീര ജലപാതയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള 168 കി.മീ. പൂർണ്ണതോതിൽ ജലഗതാഗത യോഗ്യമാക്കി. കോവളം മുതൽ കൊല്ലം വരെ നീളുന്ന 76.18 കി.മീറ്ററിൽ, 60.18 കി.മീ. ദൂരം ഗതാഗതയോഗ്യമാക്കുന്ന പ്രവർത്തനവും, കോട്ടപ്പുറം മുതൽ ചാവക്കാട് വരെ നീളുന്ന 60 കി.മീ.ഭാഗത്തെ തടസ്സം നീക്കലും 2024 മാർച്ചിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ചാവക്കാട്-കല്ലായി (100 കി.മീ) ഭാഗത്ത് പുനരുദ്ധാരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.



