ഇന്ത്യയുടെ നാവികസേനക്കായി കെൽട്രോൺ കൺട്രോൾസ് നിർമ്മിച്ച സോളാർ വൈദ്യുതനിലയം ഉദ്ഘാടനം ചെയ്തു. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. സേനയ്ക്ക് കീഴിലുള്ള ആലുവയിലെ നാവിക പ്രതിരോധ ഉപകരണ സംഭരണശാലയുടെ സ്ഥലത്താണ് 2 മെഗാവാട്ട് ശേഷിയുള്ള പുതിയ സൗരോർജ്ജ വൈദ്യുത നിലയം സ്ഥാപിച്ചിരിക്കുന്നത്.

സോളാർ പ്ലാന്റ് പ്രവർത്തന സജ്ജമാക്കുന്നതിനായി 15.2 കോടി രൂപയുടെ ഓർഡറാണ് കെൽട്രോണിന് ലഭിച്ചത്. 5.2 എക്കർ സ്ഥലത്തായി നിർമ്മിച്ച പ്ലാന്റിൽ 5418 സോളാർ പാനലുകളും, രണ്ട് 11 കെ.വി ട്രാൻസ്‌ഫോർമറുകളും, എച്ച്ടി, എൽടി സംവിധാനങ്ങളും കെൽട്രോൺ സ്ഥാപിച്ചിട്ടുണ്ട്. കെഎസ്ഇബി ഇതിനായി പ്രത്യേക പവർലൈനും സ്ഥാപിക്കുകയുണ്ടായി. പ്രവർത്തന നിരീക്ഷണത്തിനായി സ്‌കാഡാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

കെൽട്രോൺ നടപ്പിലാക്കിയ ഈ പദ്ധതിയിലൂടെ പ്രതിവർഷം 25 ലക്ഷത്തിലധികം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കുന്നതാണ്.