
തലശ്ശേരി: മാരക ലഹരി ഗുളികകളുമായി സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇടത്തിലമ്പലം ഉമ്മൻ ചിറയിലെ വൈശാഖിൽ വി.പി. വൈശാഖാണ്(28) പിടിയിലായത്.കൊടുവള്ളിയിൽ വാഹന പരിശോധന നടത്തുകയായിരുന്ന എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡാണ് ഇയാളെ പിടികൂടിയത്. 10.85 ഗ്രാം വരുന്ന 18 സ്പാസ്മോ പ്രോക്സിവോൺ പ്ലസ് ഗുളികകൾ യുവാവിൽ നിന്ന് കണ്ടെടുത്തു.
ഗുരുതരാവസ്ഥയിലായ കാൻസർ രോഗികൾക്ക് വേദന സംഹാരിയായി നൽകുന്ന ഗുളികയാണിത്. മാരക ലഹരിമരുന്ന് കൈവശം വെച്ചതിന് എൻ.ഡി.പി.എസ് വകുപ്പിലാണ് കേസെടുത്തത്. പ്രതിയെ തലശ്ശേരി കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.





