തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഇടുക്കിയും ശക്തമായ മഴയിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു.
പത്തനംതിട്ട കോന്നി കൊക്കാത്തോട് ഉരുൾപൊട്ടിയതിനെത്തുടർന്ന് തണ്ണിത്തോട് മേഖലയിലേക്ക് വൻതോതിൽ മഴവെള്ളം ഇരച്ചെത്തി. കോന്നിയിൽ കെഎസ്ആർടിസി ബസ് വഴിയിൽ കുടുങ്ങി. ഇലന്തൂർ, ചുരളിക്കോട്, മരിയപുരം എന്നിവിടങ്ങളിലെ റോഡുകളിൽ രൂക്ഷമായ വെള്ളക്കെട്ട് തുടരുകയാണ്.
ജലനിരപ്പുയർന്നതോടെ ഇടുക്കി പൊന്മുടി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. 3 ഷട്ടറുകൾ ആണ് ഉയർത്തിയിരിക്കുന്നത്. രണ്ട് ഷട്ടർ 30 സെന്റിമീറ്ററും ഒരു ഷട്ടർ 10 സെന്റിമീറ്ററും ഉയർത്തി. മുതിരപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം എന്ന് നിർദേശം നൽകിയിട്ടുണ്ട്.
ശക്തമായ മഴയെത്തുടർന്ന് ഇടുക്കി കല്ലാർ ഡാമിന്റെ ഷട്ടർ 10 സെന്റിമീറ്റർ തുറന്നു. കല്ലാർ, ചിന്നാർ പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.