
തൃശൂർ: ഉപഭോക്താവിൽ നിന്നും അമിത വില ഈടാക്കിയ ടെക്സ്റ്റൈൽ ഉടമയ്ക്ക് 15,000 രൂപ പിഴ. ഉപഭോക്തൃ പരിഹാര കമ്മീഷനാണ് പിഴ വിധിച്ചത്. തൃശൂർ എംജി റോഡിലെ ടെക്സൈറ്റൽ ഷോപ്പ് ഉടമയ്ക്കാണ് പിഴ ചുമത്തിയത്. 15,000 രൂപ പിഴയും ലീഗൽ ബെനിഫിറ്റ് ഫണ്ടിലേക്ക് 20,000 രൂപയും അടയ്ക്കണമെന്നാണ് നിർദ്ദേശം.
അടിവസ്ത്രം വാങ്ങിയതിനാണ് ഷോപ്പ് ഉടമ ഉപഭോക്താവിൽ നിന്നും അധിക വില ഈടാക്കിയത്. 2015-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരി കടയിൽ നിന്ന് 175 രൂപയ്ക്ക് ഒരു അടിവസ്ത്രം വാങ്ങി. എന്നാൽ, വീട്ടിൽ തിരിച്ചെത്തിയ ശേഷം പാക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന എംആർപി 140 രൂപയാണെന്ന് കണ്ടു. തുടർന്നാണ് ഇവർ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. എന്നാൽ, പരാതിക്കാരി തെറ്റായ ബില്ലും തെറ്റായ ഉത്പന്നവുമാണ് ഹാജരാക്കിയത് എന്നായിരുന്നു കടയുടമ അറിയിച്ചത്.
എന്നാൽ, പരിശോധന നടത്തിയപ്പോൾ രണ്ട് സ്റ്റിക്കറുകൾ ഉണ്ടെന്ന് കണ്ടെത്തി. ഇതിൽ ഒന്നിൽ എംആർപി 175 രൂപയും മറ്റൊന്ന് 140 രൂപയുമാണ് രേഖപ്പെടുത്തിയിരുന്നു. പരാതിയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങൾക്കും ചെലവായ 5000 രൂപ ഉൾപ്പെടെയാണ് 15000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി കടയുടമയോട് നിർദ്ദേശിച്ചത്.




