ന്യൂഡൽഹി: സംസ്ഥാന നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിക്കുന്ന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ കേരളം നല്‍കിയ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ആദ്യ ഹര്‍ജിക്കൊപ്പം പൊതുതാല്‍പര്യ ഹര്‍ജിയിലെ അപ്പീലും പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഡ് അറിയിച്ചു. ബില്ലുകള്‍ ഒപ്പിടാന്‍ ഗവര്‍ണ്ണറോട് സമയപരിധി നിര്‍ദ്ദേശിക്കാനാവില്ലെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെയാണ് കേരളം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഭരണഘടനയിലെ അനുച്ഛേദം 200 നിര്‍വ്വചിക്കുന്ന ‘എത്രയും വേഗം’ എന്ന പ്രയോഗത്തിന് സമയ പരിധി നിശ്ചയിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. കേരളത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെകെ വേണുഗോപാല്‍ ഹാജരായി.

ഹർജി കോടതി പരിഗണിക്കാൻ ഇരിക്കെ ഗവർണ്ണർ ഒരു ബില്ലിൽ ഒപ്പിടുകയും ബാക്കി ഏഴ് ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ബില്ലുകളിൽ തീരുമാനം എടുത്തുവെന്ന് ഗവർണ്ണറുടെ ഓഫീസ് സുപ്രീം കോടതിയെ അറിയിക്കും. ഗവർണറുടെ ഓഫീസിന് വേണ്ടി കേന്ദ്ര സർക്കാരിൻ്റെ മുതിർന്ന അഭിഭാഷകൻ ആർ വെങ്കിട്ടരമണി ഹാജരാകും. മുതിർന്ന അഭിഭാഷകൻ കെകെ വേണുഗോപാൽ കേരളത്തിന് വേണ്ടി വാദം അറിയിക്കും. പഞ്ചാബ് കേസിലെ വിധി വായിക്കണം എന്നായിരുന്നു കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിൻ്റെ നിർദേശം.

നിയമസഭ പാസാക്കിയിട്ടും അംഗീകാരം നൽകാതെ പിടിച്ചുവെച്ച ബില്ലുകളിൽ പൊതുജനാരോഗ്യ ബില്ലിനാണ് ഗവര്‍ണര്‍ അംഗീകാരം നൽകിയത്. ലോകായുക്ത ഭേദഗതി ബില്ലും സർവകലാശാല ബില്ലുകളും ഉൾപ്പെടെ സുപ്രധാനമായ ഏഴ് ബില്ലുകൾ ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടു.

ലോകായുക്ത ഭേദഗതി ബിൽ, സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്ന ബിൽ, വൈസ് ചാൻസലർ തിരഞ്ഞെടുപ്പിൽ ഗവർണറുടെ അധികാരം കുറയ്ക്കുന്ന ബില്ലും ഇതിൽ ഉൾപ്പെടുന്നു. മിൽമയുടെ ഭരണം പിടിക്കാനായി സർക്കാർ കൊണ്ടുവന്ന ബില്ലും ഗവർണർ രാഷ്ട്രപതിക്ക് വിട്ടിട്ടുണ്ട്. രാജ്ഭവന്‍റെ പരിഗണനയിരുന്ന ഏറ്റവും പഴക്കം ചെന്ന ബില്ലാണിത്.