
ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ ഈ വർഷത്തെ സംസ്ഥാന ഭിന്നശേഷി പുരസ്‌കാരങ്ങൾ മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്‌കാരം കോഴിക്കോട് നേടി. മികച്ച നഗരസഭയായി ഏലൂരിനെയും മികച്ച ബ്ലോക്ക് പഞ്ചായത്തായി വടകരയേയും തിരഞ്ഞെടുത്തു. തൃശൂർ ജില്ലയിലെ പുന്നയൂർക്കുളവും മലപ്പുറത്തെ പുൽപ്പറ്റയും മികച്ച ഗ്രാമപഞ്ചായത്തുകളായി.
ഭിന്നശേഷിക്കാർക്ക് പ്രാപ്യമായ സർക്കാർ-സ്വകാര്യ മേഖലകളിലെ മികച്ച സ്ഥാപനത്തിനുള്ള പുരസ്‌കാരത്തിന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് അർഹമായി. ഭിന്നശേഷിസൗഹൃദ റിക്രിയേഷൻ സെന്റർ പുരസ്‌കാരത്തിന് ഇരിങ്ങാലക്കുട കല്ലേറ്റുംകരയിൽ സാമൂഹ്യനീതി വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണസ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൽ ആന്റ് റീഹാബിലിറ്റേഷൻ അർഹമായി. മികച്ച ക്ഷേമ സ്ഥാപനത്തിനുള്ള പുരസ്‌കാരം തവനൂരിലെ പ്രതീക്ഷ ഭവനാണ്.
മികച്ച ജില്ലാ ഭരണകൂടം, മികച്ച കോർപ്പറേഷൻ, സംസ്ഥാന സർക്കാർ വകുപ്പുകളുടെ മികച്ച ഭിന്നശേഷി സൗഹൃദ വെബ്സൈറ്റ് എന്നിവ ഒഴികെ 20 വിഭാഗങ്ങളിലായി 81 നാമനിർദ്ദേശങ്ങളാണ് പുരസ്‌കാരനിർണയ സമിതിക്കു ലഭിച്ചത്. സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിലുള്ള സംസ്ഥാന അവാർഡ് നിർണയ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
സർക്കാർ മേഖലയിൽ കാഴ്ചപരിമിതരുടെ വിഭാഗത്തിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ജീവനക്കാർക്കുള്ള പുരസ്‌കാരത്തിന് കാസർഗോഡ് സർക്കാർ വിദ്യാലയത്തിലെ ഹെഡ്മിസ്ട്രസ് ഓമന സി. അർഹയായി. കേൾവിക്കുറവ് നേരിടുന്നവരുടെ വിഭാഗത്തിൽ തിരുവനന്തപുരം ജില്ലയിലെ വിനു കുമാർ കെ. (കമ്പ്യൂട്ടർ അസിസ്റ്റന്റ്, സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ്), ലോകോമോട്ടോർ, മസ്‌കുലർ ഡിസബിലിറ്റി വിഭാഗത്തിൽ തൃശൂർ സ്വദേശി സുധീഷ് വി.സി (ക്ലർക്ക്,സീഡ് ഫാം) എന്നിവർ അർഹരായി. മൾട്ടിപ്പിൾ ഡിസെബിലിറ്റി വിഭാഗത്തിൽ കോട്ടയം ജില്ലയിലെ മരങ്ങാട്ടുപ്പള്ളി ഗ്രാമപഞ്ചായത്തിൽ സീനിയർ ക്ലാർക്കായ പ്രമോദ് പി.എയും പുരസ്‌കാരം നേടി.
സ്വകാര്യ മേഖലയിലെ മികച്ച ജീവനക്കാർക്കുള്ള പുരസ്‌കാരം തൃശൂർ സ്വദേശിനി പൗളിയും (ലോകോമോട്ടോർ,മസ്‌കുലർ ഡിസബിലിറ്റി), പാലക്കാട് സ്വദേശി അജിൽ സേവിയറും (ഇന്റലെക്ച്വൽ ഡിസെബിലിറ്റി) അർഹരായി.
ഭിന്നശേഷിയുള്ള ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച സ്വകാര്യ തൊഴിലുടമയ്ക്കുള്ള പുരസ്‌കാരം തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന വികലാംഗക്ഷേമ പ്രിന്റിംഗ് ആന്റ് ബുക്ക് ബൈൻഡിംഗ് ഇൻഡ്‌സ്ട്രിയൽ സൊസൈറ്റിക്കാണ്. മികച്ച എൻ.ജി.ഒയ്ക്കുള്ള പുസ്‌കാരം പോപ് പോൾ മേഴ്‌സി ഹോമും (തൃശൂർ), കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് ട്രൈയിനിംഗ് സെന്റർ ഫോർ ദ ടീച്ചേഴ്‌സ് ഓഫ് വിഷ്വലി ഹാൻഡികാപ്ഡും (പാലക്കാട്) നേടി.
ഷെറിൻ ഷഹാന ടി.കെ (വയനാട്), അനിഷ അഷറഫ്(തൃശൂർ), അമൽ ഇക്ബാൽ (മലപ്പുറം) എന്നിവരാണ് മികച്ച റോൾ മോഡലുകൾക്കുള്ള പുരസ്‌കാരം നേടിയത്.
സർഗ്ഗാത്മക കുട്ടികളുടെ വിഭാഗത്തിൽ സത്യജിത്ത് എച്ച്. (തിരുവനന്തപുരം), ഹനാൻ റേച്ചൽ പ്രമോദ്(പത്തനംതിട്ട), ആദിത്യ സുരേഷ് (കൊല്ലം), അബ്ദുൾ ഹാദി വി.എസ്. (തൃശൂർ) എന്നിവർ പുരസ്‌കാരം നേടി. മികച്ച കായിക വ്യക്തികളായി മലപ്പുറം സ്വദേശി മുഹമ്മദ് നിസാർ എ.പി., നിബിൻ മാത്യൂ (വയനാട്), സാന്ദ്ര ഡേവിസ് (തൃശൂർ) എന്നിവരെ തിരഞ്ഞെടുത്തു.
ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചവരുടെ വിഭാഗത്തിൽ പത്തനംതിട്ടയിൽ നിന്നുള്ള സുഹൈൽ അബ്ദുൾ സലാം പുരസ്‌കാരം നേടി. കോഴിക്കോട് കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആന്റ് റിസർച്ച് സെന്ററാണ് മികച്ച പുനഃരധിവാസ കേന്ദ്രം.
ഭിന്നശേഷിക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായുള്ള മികച്ച കണ്ടുപിടിത്തത്തിന് കണ്ണൂർ സ്വദേശിയായ അബ്ദുൾ ബഷീർ എം.സി അർഹനായി.






