സമുദ്രോത്പന്നങ്ങളുടെയും രുചികരമായ മത്സ്യ വിഭവങ്ങളുടെയും സാഗരമൊരുക്കി എൽ.എം.എസ്. കോമ്പൗണ്ടിലെ കേരളീയം സീ ഫുഡ് ഫെസ്റ്റിവൽ. മത്സ്യത്തൊഴിലാളി വനിതകളുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന സാഫ് അവതരിപ്പിക്കുന്ന സാഗരസദ്യയാണ് മേളയിലെ ഹിറ്റ്.
കണവ റോസ്റ്റ്, കൊഞ്ചു റോസ്റ്റ്, മീൻ അച്ചാർ, മീൻകറി, മീൻ അവിയൽ, മീൻ തോരൻ, ഞണ്ട് റോസ്റ്റ് തുടങ്ങി പതിനഞ്ചിലധികം മീൻ വിഭവങ്ങളടങ്ങുന്നതാണ് സാഗരസദ്യ. ആദ്യമായാണ് ഒരു മേളയിൽ സാഗരസദ്യ അവതരിപ്പിക്കുന്നത്. കേരളീയത്തിലെത്തുന്ന നൂറു കണക്കിന് ആളുകളാണ് സാഗര സദ്യയും തേടി ഫുഡ് ഫെസ്റ്റിന് എത്തുന്നത്. 100 രൂപ വില വരുന്ന കപ്പയും മീൻ കറിയും, 130 രൂപ നിരക്കിൽ ഊണും മീൻ കറിയും അപ്പവും കക്ക വറുത്തതും കൊഞ്ചു ബിരിയാണിയും ജനപ്രിയ വിഭവങ്ങളാണ്.
ഫിഷറീസ് വകുപ്പിനു കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ (സാഫ്), സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ ലിമിറ്റഡ്, മത്സ്യഫെഡ് എന്നീ ഏജൻസികളുടെ സഹായത്തോടെ എൽ എം എസ് കോമ്പൗണ്ടിലാണ് സ്റ്റാളുകൾ ഒരുക്കിയിട്ടുള്ളത്. കരിമീൻ ഫ്രൈ, ചെമ്മീൻ ബിരിയാണി, ഫിഷ് പുട്ട്, സാൻവിച്ച്, കപ്പ മീൻകറി, ഉണക്ക മത്സ്യങ്ങൾ, അച്ചാറുകൾ, ചമ്മന്തി, കക്ക റോസ്റ്റ്, ഫിഷ് കട്ട്‌ലെറ്റ്, ഫിഷ് സമോസ തുടങ്ങിയ മത്സ്യവിഭവങ്ങളാലും ജനപങ്കാളിത്തം കൊണ്ടും സമ്പന്നമാണ് സീ ഫുഡ്‌ഫെസ്റ്റ്.