
സംസ്ഥാനത്തെ റേഷൻ കടകൾക്ക് മാസത്തിലെ ആദ്യത്തെ പ്രവൃത്തി ദിനം അവധി നൽകാൻ തീരുമാനം. ഇതോടെ, അടുത്ത മാസം മുതൽ മാസത്തിലെ ആദ്യ പ്രവൃത്തി ദിനം റേഷൻ കടകൾ അടഞ്ഞുകിടക്കും. ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. റേഷൻ വ്യാപാരി സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് പുതിയ തീരുമാനം. നിലവിൽ, ഞായറാഴ്ചയും, പൊതു അവധി ദിനങ്ങളിലും മാത്രമാണ് റേഷൻ കടകൾക്ക് അവധി ഉള്ളത്.
ഒരു മാസത്തെ റേഷൻ വിതരണം അവസാനിച്ച്, അടുത്ത മാസത്തെ റേഷൻ വിതരണം
ആരംഭിക്കുന്നതിന് മുൻപ് റേഷൻ വിതരണം സംബന്ധിച്ച് ഇ-പോസ് മെഷീനിൽ പ്രത്യേക ക്രമീകരണങ്ങൾ വരുത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ മാസത്തെ ആദ്യത്തെ പ്രവൃത്തി ദിവസത്തിൽ വൈകിട്ടോടെയാണ് റേഷൻ വിതരണം ആരംഭിക്കാൻ കഴിയാറുള്ളത്. ഈ സാഹചര്യത്തിലാണ് മാസത്തിലെ ആദ്യത്തെ പ്രവൃത്തി ദിനം അവധി വേണമെന്ന് റേഷൻ വ്യാപാരികൾ ആവശ്യം ഉന്നയിച്ചത്.







