
വനിത ശിശുവികസന വകുപ്പിന്റെ ശിശു ദിനാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനവും, കോഫി ടേബിൾ ബുക്ക് പ്രകാശനവും, ഉജ്ജ്വലബാല്യം പുരസ്‌കാര വിതരണവും ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ബാലസൗഹൃദ കേരളം ആണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. സർക്കാരിന്റേയും വനിത ശിശുവികസന വകുപ്പിന്റേയും പ്രവർത്തനങ്ങൾ അതിന് വേണ്ടിയാണ്. ഓരോ കുഞ്ഞും ഓരോ അത്ഭുതമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കുഞ്ഞുങ്ങൾ തമ്മിൽ ഒരുപാട് വ്യത്യാസമുണ്ടാകാം. കുഞ്ഞുങ്ങളുടെ വ്യത്യസ്തതകളും കഴിവുകളും പ്രോത്സാഹിപ്പിക്കണം. അവരെ സ്നേഹിക്കുകയും സംരക്ഷികയും ചേർത്തുപിടിക്കുകയും ചെയ്യണം. കുഞ്ഞുങ്ങളുടെ ബൗദ്ധികവും ശാരീരികവുമായ വളർച്ചയ്ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക, പിന്തുണ സാധ്യമാക്കുക എന്നതാണ് പ്രധാനം. കുഞ്ഞുങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് പൊതു സമൂഹം ഓർക്കേണ്ടതാണ്. ആലുവ കേസിലെ കോടതി വിധിയേയും മന്ത്രി പ്രത്യേകം പരാമർശിച്ചു

വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, വനിത ശിശു വികസന വകുപ്പ് ഡയറക്ടർ അഫ്സാന പർവീൺ, സംസ്ഥാന ബാലവകാശ കമ്മീഷൻ മെമ്പർ അഡ്വ. എം. സുനന്ദ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, വാർഡ് കൗൺസിലർ പാളയം രാജൻ, വനിത ശിശു വികസന വകുപ്പ് അസി. ഡയറക്ടർ സുലക്ഷണ, എസ്.സി.പി.എസ്. പ്രോഗ്രാം മാനേജർ കൃഷ്ണമൂർത്തി കെ. എന്നിവർ പങ്കെടുത്തു. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ തന്മയ സോൾ എ വിശിഷ്ടാതിഥിയായി.






