കൊച്ചി: ലോകത്തില്‍ ആദ്യമായി അവതരിപ്പിക്കുന്ന ഡീസെന്‍ട്രലൈസ്ഡ് നോണ്‍-ഫണ്‍ജബിള്‍ ടോക്കന്‍ (ഡിഎന്‍എഫ്ടി) പ്ലാറ്റ്ഫോമില്‍ മോഹന്‍ലാല്‍ – ലിജോ ജോസ് പല്ലിശേരി ചിത്രമായ മലൈകോട്ടൈ വാലിബന്‍. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിന്റെ സവിശേഷ നിശ്ചലദൃശ്യം മിന്റ് ചെയ്തുകൊണ്ട് മോഹന്‍ലാല്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സുഭാഷ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള യുകെ ആസ്ഥാനമായ ജിപിഎല്‍ മൂവീസാണ് നിലവിലുള്ള കേന്ദ്രീകൃത എന്‍എഫ്ടിക്ക് ബദലായി വികേന്ദ്രീകൃത സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്.

എന്‍എഫ്ടികള്‍ സാധാരണയായി ആസ്തികളുടെ കലാമൂല്യം മാത്രമാണ് കാണുന്നത്. എന്നാല്‍ ഡിഎന്‍എഫ്ടിയില്‍ കലാമൂല്യത്തോടൊപ്പം അതിന് സാമ്പത്തികമൂല്യവും കൈവരുന്നു. സവിശേഷമായ വികേന്ദ്രീകൃത മിന്റിങ് പ്രക്രിയയാണ് ഇതിനായി ഉപയോഗിക്കുന്നത്. ആഗോള വിനോദ വ്യവസായ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഡിഎന്‍എഫ്ടി തുടക്കം കുറിക്കുമെന്നും സിനിമാ നിര്‍മാണ കമ്പനികള്‍ക്ക് പുതിയ സാമ്പത്തിക സ്രോതസ്സ് തുറന്നു നല്‍കുമെന്നും ജിപിഎല്‍ മൂവീസ് അധികൃതര്‍ വ്യക്തമാക്കി. ഒടിടി അവകാശത്തിന് സമാനമായി നിര്‍മാതാക്കള്‍ക്ക് ഡിഎന്‍എഫ്ടി അവകാശം വില്‍ക്കാന്‍ അവസരമുണ്ടാകും. ഇതിന് പുറമേ ക്രിപ്റ്റോ കറന്‍സി ഉപയോക്താക്കള്‍ വര്‍ധിച്ചുവരുന്ന ഇന്നത്തെ സാധ്യത പ്രയോജനപ്പെടുത്തി ഡിഎന്‍എഫ്ടികള്‍ക്ക് സിനിമ പ്രൊമോഷനിലും പ്രധാന പങ്ക് വഹിക്കാനാകുമെന്നും സുഭാഷ് മാനുവല്‍ പറഞ്ഞു. https://dnft.global എന്ന വെബ്‌സൈറ്റ് വഴിയാണ് സിനിമയുടെ ചിത്രങ്ങള്‍ ലഭിക്കുക. ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചായ കുകോയിന്റെ (KuCoin) 2022 ആഗസ്റ്റിലെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ 11.5 കോടി ക്രിപ്റ്റോ നിക്ഷേപകരുണ്ടെന്നാണ് കണക്ക്.

സിനിമാലോകം ഉറ്റുനോക്കുന്ന മോഹന്‍ലാല്‍-ലിജോ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മലൈക്കോട്ടെ വാലിബന്‍, ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠന്‍ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. സംഗീതം: പ്രശാന്ത് പിള്ള, ഛായാഗ്രഹണം മധു നീലകണ്ഠന്‍, വസ്ത്രാലങ്കാരം റോണക്‌സ് സേവ്യര്‍. ജനുവരി 25ന് ചിത്രം തിയേറ്ററുകളിലെത്തും.

error: Content is protected !!