
ലൈബ്രറികളിലൂടെ രൂപപ്പെടുന്ന പ്രാദേശിക കൂട്ടായ്മകൾക്കു വൈജ്ഞാനിക സമൂഹമെന്ന ആശയത്തിൽ വലിയ പ്രാധാന്യമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ പ്രശ്നങ്ങൾ തരണം ചെയ്യാനും സാമൂഹ്യ മുന്നേറ്റത്തിന് ജനങ്ങളെ അണിനിരത്താനും ഇത്തരം കൂട്ടായ്മകൾക്കു കഴിയണം. പൊതുജനങ്ങൾക്ക് ഒത്തുചേരാനും അവരുടെ വൈജ്ഞാനിക മണ്ഡലത്തെ കൂടുതൽ വികസിപ്പിക്കാനുമുള്ള ഇടങ്ങളായി ഇവ മാറണമെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ മുഖ മാസികയായ ഗ്രന്ഥാലോകത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വായന മരിക്കുകയല്ല, മറിച്ച് മാറുകയാണു ചെയ്യുന്നതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കനപ്പെട്ട പുസ്തകങ്ങൾ കൊണ്ടുനടന്നു വായിക്കുന്നതിൽനിന്നു മാറി ഇ-റീഡിങ്ങും പോഡ്കാസിറ്റിങ്ങുമെല്ലാം വ്യാപകമാകുന്ന കാലമാണിത്. ഈ മാറ്റങ്ങളെ ഉൾക്കൊണ്ടു മുന്നോട്ടുപോകാൻ ഗ്രന്ഥാലോകത്തിനും കഴിയണം. കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക വികാസത്തിന് അടിത്തറപാകിയ അനൗപചാരിക സർവകലാശാലകളാണു ഗ്രന്ഥശാലകൾ. സ്വാതന്ത്ര്യ സമരത്തിലും നവോത്ഥാനമുന്നേറ്റത്തിലും ഗ്രന്ഥശാലകൾ വഹിച്ച പങ്കു വലുതാണ്. രാജ്യത്തെ അമ്പതിനായിരത്തോളം വരുന്ന ഗ്രന്ഥശാലകളിൽ അഞ്ചിലൊന്നും കേരളത്തിലാണ്. ഈ സാംസ്‌കാരികതയെ ഇകഴ്ത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഗ്രന്ഥശാലകളിലേക്കു വർഗീയത കടത്തിവിടാനുള്ള നീക്കങ്ങൾ ഉണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനെ ചെറുത്തുതോൽപ്പിച്ചാൽ മാത്രമേ ഗ്രന്ഥശാലാ പ്രസ്ഥാനത്തെ സംരക്ഷിച്ചു നിർത്താനാകൂ എന്നും അദ്ദേഹം ഓർമിപ്പിച്ചു.

വ്യാജ ചരിത്ര നിർമിതിക്ക് ഉതകുന്ന ആശയ പ്രചാരണം നടത്താൻ ഗ്രന്ഥശാലകളെ ആയുധമാക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. ഇത് അനുവദിച്ചുകൊടുക്കാൻ കഴിയില്ല. ഗ്രന്ഥശാലകളുടെ മതനിരപേക്ഷ സ്വഭാവം നിലനിലനിർത്തി ശക്തിപ്പെടുത്തുകയാണു സംസ്ഥാന സർക്കാർ. രണ്ടു കോടിയോളം രൂപയാണു കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ഗ്രന്ഥശാലകൾക്കായി നീക്കിവച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ ബിനോയ് വിശ്വം എം.പി, ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ, സെക്രട്ടറി വി.കെ. മധു, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ, എസ്.പി.സി.എസ്. പ്രസിഡന്റ് പി.കെ ഹരികുമാർ, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.പി. ജയൻ, ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം തങ്കം ടീച്ചർ, തിരുവനന്തപുരം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബി.പി. മുരളി, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം അഡ്വ. ലിറ്റിഷ്യ ഫ്രാൻസിസ് എന്നിവരും പങ്കെടുത്തു.



