2023 അവസാനിക്കുന്നതിനു മുന്നെ തന്നെ 1000 കോടിയുടെ നിക്ഷേപമെത്തിച്ച് കേരളത്തിന്റെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിക്കുകയാണ് കിൻഫ്ര. 7000ത്തിലധികം തൊഴിലും ഇതിലൂടെ കേരളത്തിൽ സൃഷ്ടിക്കപ്പെടുകയാണ്. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്.
കൊച്ചിയിലെ കാക്കനാട് പാർക്കിൽ ടാറ്റ കൺസൽട്ടൻസി സർവീസസ് 600 കോടി രൂപയുടെ നിക്ഷേപമാണ് നടത്താൻ സമ്മതിച്ചിരിക്കുന്നത്. തിരുവനന്തപുരം കിൻഫ്ര പാർക്കിൽ ടാറ്റ എലക്‌സി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത് 2 ലക്ഷം ചതുരശ്ര അടി കെട്ടിടത്തിലാണ്. ഇതുകൂടാതെ വിൻവിഷ്, വി ഗാർഡ്, അഗാപ്പെ, ഹൈകോൺ തുടങ്ങിയ മാനുഫാക്ചറിങ്ങ് കമ്പനികളും ജർമ്മൻ ഓട്ടോമേഷൻ കമ്പനിയായ ഡീ സ്‌പേസും കേരളത്തിൽ പ്രവർത്തനമാരംഭിക്കുകയോ പ്രവർത്തനമാരംഭിക്കുന്നതിന്റെ അവസാന ഘട്ടത്തിലോ ആണ്. കേരളത്തിൽ നിശബ്ദമല്ലാതെ തന്നെ ഒരു വിപ്ലവം വ്യാവസായിക മേഖലയിൽ നടക്കുകയാണ്. താമസിയാതെ ഇതിന്റെ ഗുണഫലവും നമ്മുടെ നാട് തിരിച്ചറിയുമെന്നും വ്യവസായ മന്ത്രി കൂട്ടിച്ചേർത്തു.