കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് കനകക്കതിർ പദ്ധതിയിൽ ഉൾപ്പെടുത്തി ഇളംമ്പഴന്നൂർ ഏലായിൽ വിത്ത് വിതയ്ക്കൽ ഉത്സവം നടത്തി.ഇളമ്പഴന്നൂർ ഏല സമിതി സെക്രട്ടറി ഷജി ശാന്തിനികേതന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കർ സ്ഥലത്താണ് കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയും, കടയ്ക്കൽ ഗവ യു പി എസ് കുട്ടികളും ചേർന്നാണ് വിത്ത് നടീൽ നടത്തിയത്.
പ്രത്യേക പാട്യപദ്ധതിയിൽ ഉൾപ്പെട്ടാണ് ഇതിൽ പങ്ക് ചേർന്നത്. നിലവിൽ ഇളമ്പഴന്നൂർ ഏലയിലെ 7 ഹെക്ടർ പാടത്താണ് ഇപ്പോൾ കൃഷി ഇറക്കിയിട്ടുള്ളത്.പന്നിയുടെ ശല്യം ഏറെ ഉള്ളതുകൊണ്ട് കർഷകർ കൃഷിയിൽ നിന്നും പിന്നോട്ട് പോകുന്ന അവസ്ഥയാണുള്ളത്.ബാങ്ക് വൈസ് പ്രസിഡന്റ് പി പ്രതാപൻ,ബാങ്ക് ഭരണ സമിതി അംഗങ്ങളായ എൻ ആർ അനിൽ, ഷാജഹാൻ, ഷിബു കടയ്ക്കൽ,കൃഷി ഓഫീസർ ശ്രീജിത്ത്, പടശേഖര സമിതി അംഗങ്ങൾ, ഹെഡ് മാസ്റ്റർ ഹുമാംഷാ, അധ്യാപകരായ രാജേഷ്, സഹജ, കുട്ടികൾ എന്നിവർ പങ്കെടുത്തു.
കടയ്ക്കൽ ഇളമ്പഴന്നൂർ സ്വദേശിയായ ഷജി കൃഷിയെ ഏറെ സ്നേഹിക്കുന്ന ചെറുപ്പക്കാരനാണ്, ആരും കൊതിയ്ക്കുന്ന ജോലി കരസ്ഥമാക്കാനുള്ള എല്ലാ വിദ്യാഭ്യാസ യോഗ്യതകളും ഉണ്ടെങ്കിലും മണ്ണിൽ പണിയെടുക്കാനാണ് അദ്ദേഹത്തിനിഷ്ടം.കടയ്ക്കൽ പറയാട് എൽ പി എസ്, കടയ്ക്കൽ ഗവ: യു പി എസ്,കുറ്റിക്കാട് സി പി എച്ച് എസ് എസ് എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ച് ആസ്സാം യൂണിവേഴ്സിറ്റിയിൽ നിന്നും ഫൈൻ ആർട്സിൽ മാസ്സ് കമ്മ്യൂണിക്കേഷൻ ബിരുദം നേടി, തുടർന്ന് കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ശില്പ കലയിൽ ബാച്ചിലർ ഡിഗ്രി കാരസ്ഥമാക്കി.തുടർന്ന് വെസ്റ്റ് ബംഗാൾ വിശ്വ ഭാരതി യൂണിവേഴ്സിറ്റിയിൽ നിന്നും ഫൈൻ ആർട്സിൽ മാസ്റ്റർ ബിരുദം നേടി.
കൃഷിയോട് ഉള്ള അമിത ഇഷ്ടം കാരണം കരഭൂമിയായിരുന്ന പ്രദേശം ഒരു മെഷീനറിയുടെയും സഹായമില്ലാതെ സ്വന്തം ചിലവിൽ ഇടിച്ചു നിരപ്പാക്കിയാണ് അഭ്യസ്ഥവിദ്യനായ ഈ ചെറുപ്പക്കാരൻ നെൽ കൃഷിക്കായി ഒരുക്കിയെടുത്തത്.ഇപ്പോൾ ഇളമ്പഴന്നൂർ ഏലയിൽ ഒന്നര ഏക്കർ പാടത്ത് നെൽ കൃഷിയും,ഒന്നര ഏക്കർ സ്ഥലത്ത് കര നെൽകൃഷിയും ചെയ്യുന്നു. കൂടാതെ ഒരേക്കർ സ്ഥലത്ത് വാഴ, മരച്ചീനി ഉൾപ്പടെയുള്ള മറ്റ് വിളകളും കൃഷി ചെയ്യുന്നു
ഇടയ്ക്ക് വേറിട്ട പ്രതിഷേധങ്ങളും ഈ കർഷകൻ ഏറ്റുടുക്കാറുണ്ട്.സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി വിത്തിറക്കിയ ഏകദേശം 75 സെന്റ് നിലമാണ് പൂർണ്ണമായും പന്നി നശിപ്പിച്ചത്.”പന്നിയെ സംരക്ഷിക്കൂ കർഷകരെ കൊല്ലൂ” എന്ന പ്ലാക്കാർഡ് പിടിച്ചാണ് ഷജി അന്ന് ഒറ്റയ്ക്ക് പ്രതിഷേധിച്ചത്.