
കേരള നിയമസഭയിൽ സംഘടിപ്പിച്ച കേരള ലോകായുക്താ ദിനാചരണം സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി.വി നാഗരത്‌ന ഉദ്ഘാടനം ചെയ്തു. ഭരണ പ്രക്രിയ എല്ലായിപ്പോഴും അഴിമതി രഹിതമായിരിക്കണമെന്ന് ജസ്റ്റിസ് പറഞ്ഞു. നമ്മുടെ സമൂഹത്തിൽ അഴിമതി നടക്കുന്നതിന്റെ മൂലകാരണം ആർത്തിയാണ്. അഴിമതി കാൻസർ കോശങ്ങളെപ്പോലെയാണ്. ഒരു ഉദ്യോഗസ്ഥൻ അഴിമതിക്കാരനായാൽ മുഴുവൻ വ്യവസ്ഥയേയും അത് പ്രതികൂലമായി ബാധിക്കും. അഴിമതി നമ്മുടെ രാജ്യത്തിന്റെ പുരോഗതിയുടെയും വികസനത്തിന്റെയും ശത്രുവാണെന്നും ജസ്റ്റിസ് പറഞ്ഞു.
അഴിമതിക്കാരായ ഉദ്യോഗസ്ഥരോട് ഒരു ദയയും പാടില്ല. ഇവർക്കെതിരെ സമയബന്ധിതമായി നടപടികൾ ഉണ്ടാകണം. ഇതിലൂടെ മാത്രമേ മലിനീകരിക്കപ്പെടാത്തതും അഴിമതി രഹിതവുമായ ഭരണം സാധ്യമാകൂ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അഴിമതിക്കെതിരെയുള്ള പോരാട്ടത്തിൽ കേരള ലോകായുക്ത കാര്യമായ പങ്കുവഹിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി.
രാജ്യത്ത് അഴിമതി ഇല്ലാതാക്കാനുള്ള ഉത്തരവാദിത്തം ഓരോ പൗരനുമുണ്ട്. ലോകായുക്തയിൽ നിന്ന് ലഭിക്കുന്ന പരാതികളിൽ കാലാകാലങ്ങളിൽ നടപടിയെടുക്കാത്ത സംഭവങ്ങൾ വിവിധ സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകുന്നത് ഖേദകരമാണ്. ഭയമോ മമതയോ ഇല്ലാതെയുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. എങ്കിൽ മാത്രമേ അതത് സംസ്ഥാന ലോകായുക്തകളുടെ കാര്യക്ഷമത ജനങ്ങളുടെ മനസ്സിൽ സ്ഥാപിക്കപ്പെടുകയുള്ളൂവെന്നും ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.
നിയമസഭാ ബാങ്ക്വെറ്റ് ഹാളിൽ നടന്ന ചടങ്ങിൽ കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അധ്യക്ഷത വഹിച്ചു. ഉപ ലോകായുക്തമാരായ ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ്, ജസ്റ്റിസ് ഹാരുൺ- ഉൽ-റഷീദ്, കേരള ലോകായുക്ത അഡ്വക്കേറ്റ് ഫോറം പ്രസിഡന്റ് അഡ്വ. എൻ.എസ് ഷാജി, സെക്രട്ടറി അഡ്വ. ബാബു പി. പോത്തൻകോട്, മുൻ ഡി.ജി.പി ഡോ. അലക്‌സാണ്ടർ ജേക്കബ്, കേരള ലോകായുക്ത സ്‌ഷെഷ്യൽ അറ്റോർണി അഡ്വ. ടി.എ ഷാജി, തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ആനയറ ഷാജി, കേരള ലോകായുക്ത രജിസ്ട്രാർ സിജു ഷെയ്ഖ് തുടങ്ങിയവർ പങ്കെടുത്തു.





