നവംബർ 14 മുതൽ 27 വരെ ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ നടക്കുന്ന ഇന്ത്യ അന്താരാഷ്ട്ര വ്യാപാരമേള 2023 (IITF 2023 ) യിൽ കേരള പവലിയൻ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന കേരള പവലിയനിൽ പുരാതന കാലഘട്ടത്തിൽ സ്‌പൈസ് റൂട്ടുകൾ എങ്ങനെ കേരളവും ലോകവും തമ്മിൽ ബന്ധിപ്പിക്കപ്പെട്ടുവെന്നും അതെങ്ങനെ ‘വസുധൈവ കുടുംബം’ എന്ന ആശയത്തിലേക്ക് വഴിവെച്ചുവെന്നും മനസിലാക്കുന്ന തരത്തിൽ കേരളത്തിന്റെ വാണിജ്യ പരിണാമം വരച്ചു കാണിക്കുന്ന 44 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്.
വിഴിഞ്ഞം പോർട്ടും, മുസിരിസ് പാരമ്പര്യവും, വിദേശ രാജ്യങ്ങളുമായുള്ള വ്യപാര ബന്ധങ്ങളുമെല്ലാം പവലിയന്റെ ശ്രദ്ധ കേന്ദ്രങ്ങളാകും. വ്യത്യസ്തങ്ങളായ പ്രദർശന വിപണന മേളകളും കലാപരിപാടികളും പവിലിയനിൽ നടക്കും. ഇത്തവണ കേരളം പാർട്ട്ണർ സ്‌റ്റേറ്റായാണ് മേളയിൽ പങ്കെടുക്കുന്നത്. പ്രഗതി മൈതാനത്തെ ഒന്നാം നിലയിലെ അഞ്ചാം നമ്പർ ഹാളിലാണ് കേരള പവലിയൻ.
കേരള സർക്കാരിന് വേണ്ടി വിവര പൊതുജന സമ്പർക്ക വകുപ്പാണ് കേരള പവിലിയന്റെ സംഘാടനം. ഉദ്ഘാടനചടങ്ങിൽ കേരളാ ഹൗസ് റസിഡൻറ് കമ്മീഷണർ അജിത് കുമാർ, ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് അഡീ. ഡയറക്ടർ കെ. അബ്ദുൾ റഷീദ്, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.