
കോഴിക്കോട്: യുക്രൈനിലെ കാർക്കിവ് ദേശീയ സർവകലാശാലയിൽ എംബിബിഎസ് വിദ്യാർത്ഥികളായിരിക്കെ യുദ്ധം കാരണം തിരികെ നാട്ടിലെത്തിയ സഹോദരിമാർക്ക് മറ്റൊരു രാജ്യത്ത് പഠനം പൂർത്തിയാക്കുന്നതിന് ആവശ്യമായ വിദ്യാഭ്യാസ വായ്പ സംഘടിപ്പിച്ച് നൽകണമെന്ന ആവശ്യം പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കോഴിക്കോട് ജില്ലാ കളക്ടർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് നിർദ്ദേശം നൽകിയത്.
വടകര ഓർക്കട്ടേരി സ്വദേശികളായ വിദ്യാർത്ഥികൾ സമർപ്പിച്ച പരാതിയിലാണ് നടപടി. മറ്റൊരു സർവകലാശാലയിൽ പഠിക്കണമെങ്കിൽ രണ്ടോ മൂന്നോ വർഷം കൂടുതൽ പഠിക്കേണ്ടി വരും. ഇതിന് ഏകദേശം 20 ലക്ഷം രൂപ ചെലവാകുമെന്ന് പരാതിയിൽ പറയുന്നു. വിദ്യാഭ്യാസ വായ്പയ്ക്കായി ബാങ്കുകളെ സമീപിച്ചെങ്കിലും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് കമ്മീഷന് പരാതി നൽകിയത്.
3 ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. നവംബർ 28 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.





