
കടയ്ക്കൽ: നാടകകൃത്തും, നടനും, സംവിധായകനും, അധ്യാപകനും, പ്രഭാഷകനും, ഗാന്ധിയനും, ഗവേഷക പരിശീലകനുമായ ഡോക്ടർ വയലാ വാസുദേവൻ പിള്ളയുടെ സ്മരണാർത്ഥം അഞ്ചൽ സ്ഥാപിതമായ ഡോക്ടർ വയലാ വാസുദേവൻ പിള്ള ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ആറാമത് ‘ഡോക്ടർ വയലാ വാസുദേവൻ പിള്ള നാടക പുരസ്കാരം’ മണിലാലിന് സമർപ്പിക്കുന്നു.

കലാസാംസ്കാരിക നാടക മേഖലകളിലെ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. 11111 രൂപയും, ശില്പി അജി എസ്. ധരൻ രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മുല്ലക്കര രത്നാകരൻ (ചെയർമാൻ) ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.സുകേശൻ, കെ.ജി. വിജയകുമാർ, എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

പ്രൊഫഷണൽ അമച്വർ നാടക രംഗത്തും, സാംസ്കാരിക മേഖലകളിലും, രചയിതാവ് എന്ന നിലകളിലും ശ്രദ്ധേയനാണ് അഡ്വ.മണിലാൽ. മികച്ച നാടക രചനക്ക് സംഗീത നാടക അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ കരസ്ഥമാക്കി. എട്ട് നാടക ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ ദേശീയ കൗൺസിലംഗമാണ്.
നാളെ വൈകുന്നേരം 4 മണിക്ക് വയലാ എൻ.വി.യുപി.എസ് സ്കൂൾ അങ്കണത്തിൽ ചേരുന്ന സമ്മേളനത്തിൽ വച്ച് ഡോക്ടർ ജോർജ് ഓണക്കൂർ അവാർഡ് ദാനം നിർവ്വഹിക്കും. ഫൗണ്ടേഷൻ ചെയർമാൻ മുല്ലക്കര രത്നാകരൻ അധ്യക്ഷത വഹിക്കും. നാടക പ്രവർത്തകർ, ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ സംബന്ധിക്കുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികളായ പ്രൊഫ.ബി.ശിവദാസൻ പിള്ള, കെ.ജി വിജയകുമാർ, അഡ്വ. വയലാ ശശി, ജെ.സി.അനിൽ തുടങ്ങിയവർ അറിയിച്ചു.





