
തൃശൂർ: വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് ഇനിമുതൽ സിനിമ ഷൂട്ടിംഗ് നടത്തരുതെന്ന് ഹൈക്കോടതി ഉത്തരവ്. കൊച്ചിൻ ദേവസ്വം ബോർഡിനാണ് കേരളാ ഹൈക്കോടതി സിനിമാ ഷൂട്ടിംഗ് വിലക്കിക്കൊണ്ട് നിർദ്ദേശം നൽകിയത്. ക്ഷേത്ര മൈതാനത്ത് ഷൂട്ടിംഗിന് അനുമതി നൽകിയാൽ വിശ്വാസികൾക്ക് ബുദ്ധിമുട്ടാകുമെന്നും വിശ്വാസികൾക്ക് ക്ഷേത്രത്തിലേക്ക് പോകാൻ നിയന്ത്രണം വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ബൗൺസേഴ്സ് അടക്കം വിശ്വാസികളെ നിയന്ത്രിക്കുന്ന സ്ഥിതി ഉണ്ടാകുമെന്നും കോടതി വിലയിരുത്തി. വടക്കുംനാഥ ക്ഷേത്ര വിശ്വാസികൾക്ക് നിയന്ത്രണം ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾക്ക് മൈതാനത്ത് അനുമതി നൽകരുതെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് ഷൂട്ടിംഗ് നടത്താൻ ‘അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസ്’ ദേവസ്വത്തിനോട് അനുമതി ചോദിച്ചിരുന്നു ഇത് ദേവസ്വം നിഷേധിച്ചു. ഇതിനെതിരെ പ്രൊഡക്ഷൻ ഹൗസ് ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. ആ ഹർജിയിന്മേലാണ് ഹൈക്കോടതി ഷൂട്ടിംഗ് നിരോധിച്ചു കൊണ്ട് ഉത്തരവായത്.





