സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന് കോഴിക്കോട് നടക്കും. അരലക്ഷത്തോളം പേര്‍ റാലിയില്‍ അണിനിരക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. ഇന്ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി, പൊരുതുന്ന പലസ്തീന് കേരളത്തിന്റെ പിന്തുണയാകും.

പലസ്തീന്‍ വിമോചന നായകന്‍ യാസര്‍ അറാഫത്തിന്റെ ചരമവാര്‍ഷിക ദിനത്തിലാണ് റാലി സംഘടിപ്പിക്കുന്നത്. യാസര്‍ അറഫാത്ത് നഗറിലേക്ക് മനുഷ്യസ്നേഹികള്‍ ഒഴുകിയെത്തുമെന്നാണ് സംഘാടക സമിതിയുടെ പ്രതീക്ഷ.
മതസാമുദായിക നേതാക്കള്‍, മന്ത്രിമാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, എഴുത്തുകാര്‍ എന്നിവര്‍ റാലിയെ അഭിസംബോധന ചെയ്യും. റാലിയില്‍ കെ.ടി കുഞ്ഞിക്കണ്ണന്‍ എഴുതിയ ‘പലസ്തീന്‍; രാജ്യം അപഹരിക്കപ്പെട്ട ജനത’ എന്ന പുസ്തകം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രകാശനം ചെയ്യും.