തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് പ്രത്യേക കേന്ദ്രം തുടങ്ങാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് വ്യക്തമാക്കി സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെവി മനോജ് കുമാര്‍. കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പൂജപ്പുര വനിത ശിശുവികസന ഡയറക്ടറേറ്റിലെ ജില്ലാതല കര്‍ത്തവ്യവാഹകരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കിയാലേ കുട്ടികള്‍ക്കായി കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കു. കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ബോധവത്കരണം നടത്തണം.
വിദ്യാഭ്യാസ അവകാശം, ബാലനീതി, പോക്സോ നിയമങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. യോഗത്തില്‍ കമ്മീഷന്‍ അംഗം എന്‍ സുനന്ദ, ജില്ല ശിശുസംരക്ഷണ ആഫീസര്‍, മെഡിക്കല്‍ ഓഫീസര്‍, വിദ്യഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, പോലീസ് നര്‍ക്കോട്ടിക്സ് വിഭാഗം തുടങ്ങിയവര്‍ പങ്കെടുത്തു.