
കൊച്ചി: ആരാധനാലയങ്ങളിൽ അസമയങ്ങളിൽ വെടിക്കെട്ട് നിരോധിച്ചു കൊണ്ടുള്ള ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും. പരിഗണനാ വിഷയത്തിന് അപ്പുറമുള്ള കാര്യങ്ങളാണ് സിംഗിൾ ബെഞ്ച് പരിശോധിച്ചതെന്നും ഒപ്പം അസമയം ഏതെന്ന് കോടതി ഉത്തരവിൽ വ്യക്തമല്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. വ്യക്തികൾ കോടതി ഉത്തരവിനെ ഇഷ്ടാനുസരണം വ്യാഖ്യാനിക്കുമെന്നും അപ്പീലിൽ സർക്കാർ വ്യക്തമാക്കുന്നുണ്ട്.
ഏതെങ്കിലും ആരാധനാലയങ്ങളിൽ വെടിക്കെട്ട് സാമഗ്രികൾ അനധികൃതമായി സൂക്ഷിച്ചെന്ന് കോടതി തന്നെ കണ്ടെത്തിയിട്ടില്ല. ഹർജിയിലും അത്തരം പരാതിയില്ലെന്നും അപ്പീലിൽ പറയുന്നുണ്ട്. മരട് ക്ഷേത്രത്തിലെ വെടിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാനമാകമാനം ബാധകമാകുന്ന രീതിയിൽ ഇടക്കാല ഉത്തരവിടാൻ സിംഗിൾ ബഞ്ചിന് കഴിയില്ലെന്നും സർക്കാർ വാദമുന്നയിക്കുന്നുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്.





