
തിരുവനന്തപുരം: പച്ചക്കറി കൃഷിയുടെ മറവിൽ കഞ്ചാവ് നട്ടുവളർത്തിയ 68 കാരൻ പിടിയിൽ. വീടിന്റെ ടെറസിൽ രഹസ്യമായി നട്ടുവളർത്തിയ കഞ്ചാവ് ചെടി എക്‌സൈസ് കണ്ടെത്തി. തിരുവനന്തപുരം ഐബിയിലെ പ്രിവന്റിവ് ഓഫീസർ ഷാജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഐബി പാർട്ടിയും നെയ്യാറ്റിൻകര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ A P ഷാജഹാന്റെ നേതൃത്വത്തിലുള്ള പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പള്ളിച്ചൽ ഭാഗത്തു നിന്ന് കഞ്ചാവ് ചെടി പിടികൂടിയത്.
കഞ്ചാവ് ചെടി നട്ടു വളർത്തിയ 68 വയസുള്ള ശിവൻകുട്ടിയെ അറസ്റ്റ് ചെയ്തു. മലക്കറി കൃഷി ചെയ്യുന്നതിന് ഇടയിലാണ് പ്രതി രഹസ്യമായി കഞ്ചാവ് ചെടി നട്ടു വളർത്തിയത്. 80 സെന്റീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടിക്ക് നാലുമാസത്തോളം പ്രായം ഉണ്ട്. പരിശോധനാ സംഘത്തിൽ പ്രിവന്റിവ് ഓഫീസർമാരായ കെ ഷാജു, ഷാജി കുമാർ, സുധീഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിജേഷ്, സുഭാഷ് കുമാർ, ബിനു, വനിത സിവിൽ എക്‌സൈസ് ഓഫീസറായ രമ്യ, ഡ്രൈവർ ജിനി രാജ് എന്നിവരും പങ്കെടുത്തു.






