ആലുവയിൽ 5 വയസ്സുകാരിയെ കൊലപെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തിനുള്ള ശിക്ഷ നാളെ വിധിക്കും. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ വിധിക്കണമെന്നാണ് പ്രോസിക്യൂഷൻ നിലപാട്. പ്രായവും മാനസിക നിലയും കണക്കിലെടുത്ത് പരമാവധി ഇളവ് നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെടുന്നു.
അതിവേഗ വിചാരണയും, കുറ്റക്കാരനെന്ന കണ്ടെത്തലും, വിധിയിൻമേൽ വാദവും പൂർത്തിയായി. ഇനി പ്രതി അസഫാക് ആലത്തിനുള്ള ശിക്ഷ വിധിക്കണം. ശിശുദിനമായ നാളെ എറണാകുളം പ്രത്യേക പോക്‌സോ കോടതി കേസിൽ ശിക്ഷാ വിധി പറയും.
കൊലപാതകം, തുടർച്ചയായി ബലാത്സംഗം ചെയ്യൽ അടക്കം 16 വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
2023 ജൂലൈ 28 നാണ് സമൂഹ മനസാക്ഷിയെ നടുക്കിയ അരുംകൊല നടന്നത്. വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ജ്യൂസ് വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രതി അസഫാക് ആലം കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കാണാതായ കുട്ടിയെ ആലുവ മാർക്കറ്റിന് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മാർക്കറ്റിന് പിന്നിലെ മാലിന്യ കൂമ്പാരത്തിൽ നിന്ന് ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.