
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഒരു സന്തോഷ വാർത്ത. സംസ്ഥാന ഇൻഷുറൻസ് വകുപ്പിന്‍റെ ജീവൻ രക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി ആനുകൂല്യങ്ങൾ ഉയർത്തി. അപകട മരണത്തിന് 15 ലക്ഷം രൂപയും സ്വാഭാവിക മരണത്തിന് അഞ്ച് ലക്ഷം രൂപയും പരിരക്ഷ ലഭിക്കും. അപകടത്തെ തുടർന്ന് പൂർണമായും ശയ്യാവലംബമാകുന്ന സ്ഥിതിയിൽ 15 ലക്ഷം രൂപയുടെ പരിരക്ഷ ഉണ്ടാകും. 80 ശതമാനത്തിൽ കൂടുതൽ വൈകല്യം സംഭവിച്ചാലും ഇതേ ആനുകൂല്യമുണ്ടാകും.
60 മുതൽ 80 ശതമാനം വരെ വൈകല്യത്തിന് 75 ശതമാനവും, 40 മുതൽ 60 ശതമാനം വരെ വാഗ്‌ദത്ത തുകയുടെ 50 ശതമാനവും നഷ്ടപരിഹാരം അനുവദിക്കും. അപകടത്തിൽ കൈ, കാൽ, കാഴ്‌ച, കേൾവി നഷ്ടപ്പെട്ടവർക്കും പരിരക്ഷ ഉണ്ടാകും. 40 മുതൽ 100 ശതമാനം വരെയാണ് ഇക്കൂട്ടർക്ക് നഷ്ടപരിഹാരം നൽകുക.
കൈവിരലുകളുടെ നഷ്ടത്തിന് ഏത് വിരൽ, എത്ര ഭാഗം എന്നത് കണക്കാക്കിയാണ് നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. കാൽ വിരലുകളുടെ നഷ്ടത്തിന് വാഗ്‌ദത്ത തുകയുടെ 10 ശതമാനം വരെ നഷ്ടപരിഹാരം ലഭിക്കും. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, മറ്റ് സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്കായാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്.






