ഉദ്ഘാടനത്തിന് മുൻപേ തന്നെ രാജ്യത്തെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് പുത്തൂരിൽ ഒരുങ്ങുന്ന തൃശൂർ അന്താരാഷ്ട്ര സുവോളജിക്കൽ പാർക്ക്. രാജ്യത്തെ ആദ്യ ഡിസൈൻ സുവോളജിക്കൽ പാർക്ക് സന്ദർശിക്കാനും ഇവിടത്തെ സവിശേഷതകൾ മനസ്സിലാക്കാനുമായി ഇത്തവണ എത്തിയത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ (ഐഎഫ്എസ്) 54 ട്രെയിനി കേഡറ്റുകൾ. പുതിയ ഐഎഫ്എസ് ബാച്ചിന്റെ പരിശീലനത്തോടനുബന്ധിച്ച് സൗത്ത് ഇന്ത്യൻ ടൂറിന്റെ ഭാഗമായാണ് സന്ദർശനം..

മൃഗങ്ങളെയും പ്രകൃതിയെയും അടുത്തറിയാനും അവയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഉൾക്കൊള്ളാനും സുവോളജിക്കൽ പാർക്ക് സന്ദർശനത്തിലൂടെ സാധിക്കുമെന്ന് അവർക്ക് നൽകിയ സ്വീകരണത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അഭിപ്രായപ്പെട്ടു.

സുവോളജിക്കൽ പാർക്കിന്റെ രൂപകൽപനയും നിർമാണ പുരോഗതിയും തങ്ങളെ വിസ്മയിപ്പിച്ചതായി തമിഴ്നാട് ഈറോഡ് സ്വദേശിയായ അരുൾ ശെൽവൻ ഐഎഫ്എസ് പറഞ്ഞു. പൊതുവെ ഇത്തരം പദ്ധതികൾ വനം വകുപ്പിന്റെ മാത്രം നേതൃത്വത്തിലാണ് നടക്കാറ്. എന്നാൽ ഇവിടെ മന്ത്രിമാരും ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തവും പിന്തുണയും തങ്ങളെ അദ്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. മൃഗങ്ങളെ അവയുടെ ആവാസ വ്യവസ്ഥയിൽ തന്നെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ രാജ്യത്തെ ചില മൃഗശാലകളിൽ ഭാഗികമായി നടന്നിട്ടുണ്ടെങ്കിലും, ഇത്തരമൊരു രീതിയിൽ സുവോളജിക്കൽ പാർക്ക് മുഴുവൻ രൂപകൽപ്പന ചെയ്യുന്നത് രാജ്യത്ത് ആദ്യമായാണെന്നും കേരള കേഡറിലേക്ക് വരാൻ ആഗ്രഹിക്കുന്ന അരുൾ ശെൽവൻ പറഞ്ഞു.

രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന മൃഗങ്ങൾക്കും പക്ഷികൾക്കും ഉരഗങ്ങൾക്കുമെല്ലാം അനുയോജ്യമായ ആവാസ വ്യവസ്ഥ ഒരുക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാൻ സന്ദർശനത്തിലൂടെ സാധിച്ചതായി ആലപ്പുഴ സ്വദേശി ദേവി പ്രിയ ഐഎഫ്എസ് പറഞ്ഞു. രാജ്യത്തെ മറ്റ് മൃഗശാലകളിൽ നിന്ന് തൃശൂർ സുവോളജിക്കൽ പാർക്കിനെ വ്യതിരിക്തമാക്കുന്നത് ഇതാണെന്നും അവർ അഭിപ്രായപ്പെട്ടു. കർണാടകയിലെ വെസ്റ്റേൺഘാട്ട് പ്രദേശങ്ങളും നിലമ്പൂരിലെ തേക്കിൻകാടുകളും സന്ദർശിച്ച ശേഷമാണ് സംഘം തൃശൂരിലെത്തിയത്. 54 അംഗ സംഘത്തിൽ മൂന്നു പേർ കേരള കേഡറിൽ നിന്നുള്ളവരാണ്.

പാർക്കിലെത്തിയ ഐഎഫ്എസ് ട്രെയിനികൾക്ക് ഹൃദ്യമായ സ്വീകരണമാണ് പാർക്ക് അധികൃതർ ഒരുക്കിയത്. പാർക്കിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന പ്രസന്റേഷനും ഫീൽഡ് സന്ദർശനവും ഇതിന്റെ ഭാഗമായി ഒരുക്കിയിരുന്നു. പാർക്കിലെ റിസെപ്ഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ, സിറ്റി പോലിസ് കമ്മീഷണർ അങ്കിത് അശോകൻ, സുവോളജിക്കൽ പാർക്ക് ഡയരക്ടർ ആർ കീർത്തി, സബ് കലക്ടർ മുഹമ്മദ് ശഫീക്ക്, അസിസ്റ്റന്റ് കലക്ടർ കാർത്തിക് പാണിഗ്രഹി, പാർക്ക് ഉദ്യോഗസ്ഥർ തുടങ്ങിയവരും സംബന്ധിച്ചു.