
വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ദേശീയോദ്യാനങ്ങളിൽ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം. ഒക്ടോബർ 2 മുതൽ 8 വരെയാണ് വന്യജീവി വാരാഘോഷം സംഘടിപ്പിക്കുന്നത്. ദേശീയോദ്യാനങ്ങൾക്ക് പുറമേ, കടുവാ സംരക്ഷണകേന്ദ്രങ്ങളിലും സൗജന്യ പ്രവേശനം ഒരുക്കിയിട്ടുണ്ട്. ഒക്ടോബർ 8 വരെയാണ് സൗജന്യ പ്രവേശനം. വനമന്ത്രി എ.കെ ശശീന്ദ്രൻ ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
വാരാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന മത്സര പരിപാടികളിൽ വിജയികളാകുന്നവർക്ക് ഒക്ടോബർ 8 മുതൽ ഒരു വർഷക്കാലത്തേക്ക് എല്ലാ സംരക്ഷണ പ്രദേശങ്ങളിലും പ്രവേശനം സൗജന്യമാക്കിയിട്ടുണ്ട്. അതേസമയം, മ്യൂസിയം മൃഗശാല വകുപ്പിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മൃഗശാലയിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് സൗജന്യ പ്രവേശനം നൽകും. ഇന്ന് മുതൽ ഒക്ടോബർ 8 വരെയാണ് സൗജന്യ പ്രവേശനം. തിരുവനന്തപുരം മൃഗശാലയിൽ സംഘടിപ്പിക്കുന്ന വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടനം ചടങ്ങ് ഇന്ന് വൈകിട്ട് 4 മണിക്ക് മൃഗസംരക്ഷണം, ക്ഷീര വികസനം, മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യുന്നതാണ്.








