കണ്ണൂര്‍: വെമ്മരടി കോളനിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയത് കത്തികൊണ്ട് വെട്ടിയെന്ന് പൊലീസ്. തലയും ശരീരവും വേര്‍പ്പെട്ട നിലയിലായിരുന്നു. വി കെ പ്രസന്ന (32) ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നാലെ ഭര്‍ത്താവ് പള്ളിക്കുടിയന്‍ ഷാജി (35) താനാണ് കൊല നടത്തിയതെന്ന് പറഞ്ഞ് പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് നാടിനെയാകെ നടുക്കിയ സംഭവം.
കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഷാജിയും പ്രസന്നയും ഒരു വര്‍ഷമായി രണ്ട് വീടുകളിലാണ് താമസിക്കുന്നത്. പ്രസന്നയും 3 മക്കളും അവരുടെ വീടായ കണ്ണൂര്‍ ചെക്കിക്കുളത്തെ വീട്ടിലായിരുന്നു. ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട് 9 വര്‍ഷമായി. പള്ളിക്കുടിയന്‍ ഷാജി വെമ്മരടി കോളനിയിലാണ് താമസം. ബുധനാഴ്ച ഉച്ചയോടെ പ്രസന്ന ചെക്കികുളത്തെ വീട്ടില്‍നിന്ന് കാങ്കോല്‍ വെമ്മരടി കോളനിയിലെ വീട്ടില്‍ എത്തിയിരുന്നു.
കല്യാണത്തില്‍ പങ്കെടുക്കാനായി കാങ്കോലിലെത്തിയ പ്രസന്ന കുട്ടികളുടെ സര്‍ട്ടിഫിക്കറ്റ് എടുക്കാനാണ് രണ്ടേകാലോടെ കോളനിയിലെ വീട്ടിലെത്തിയത്. ഈ സമയം ഷാജി വീട്ടിലുണ്ടായിരുന്നു. വാതില്‍ തുറന്ന് അകത്തുകയറിയ പ്രസന്നയും ഷാജിയും തമ്മില്‍ വാക്കു തര്‍ക്കവും പിടിവലിയുമുണ്ടായി. തുടര്‍ന്ന് കമ്പികൊണ്ട് പ്രസന്നയെ തലയ്ക്ക് അടിച്ചുവീഴ്ത്തിയ ഷാജി കത്തികൊണ്ട് തല അറുത്തുമാറ്റുകയായിരുന്നു. ഉടലില്‍നിന്ന് ഒരുമീറ്ററോളം മാറിയാണ് തലയുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.
കൊല നടത്തിയശേഷം ഷാജി ബൈക്കിൽ പയ്യന്നൂര്‍ സ്റ്റേഷനില്‍ എത്തി താനാണ് കൊല നടത്തിയതെന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. സമീപവാസികള്‍ തൊട്ടടുത്ത കല്യാണവീട്ടിലായിരുന്നു. പ്രസന്നയുടെ നിലവിളികേട്ട് ആളുകള്‍ ഓടിയെത്തിയപ്പോഴേക്കും വസ്ത്രംമാറി ഷാജി ബൈക്കില്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തി. പരാതി സ്വീകരിക്കാനിരിക്കുന്ന പോലീസുകാരന്റെ മുന്നില്‍ കുറ്റകൃത്യം ഏറ്റുപറഞ്ഞു. ഇതോടെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.പയ്യന്നൂര്‍ ഡിവൈ എസ് പി കെ ഇ പ്രേമചന്ദ്രന്‍, പയ്യന്നൂര്‍ സി ഐ മെല്‍വിന്‍ ജോസ്, പെരിങ്ങോം സി ഐ പിസുഭാഷ് എന്നിവരടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി.ചെക്കിക്കുളത്തെ വെള്ളകുടിയന്‍ ജാനകിയുടെയും പരേതനായ കുഞ്ഞിരാമന്റെയും മകളാണ് പ്രസന്ന. മക്കള്‍: ജനഷ (മൂന്നാം ക്ലാസ് വിദ്യാർത്ഥിനി), പാര്‍ത്ഥിവ് ശിവ (ഒന്നാം ക്ലാസ്), ശിവദര്‍ശിഖ് (അങ്കണവാടി വിദ്യാർത്ഥി).