ആലപ്പുഴ മാന്നാറില്‍ ഭാര്യയെ കഴുത്തറത്തു കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയില്‍. മാന്നാർ ആലുംമൂട്ടിൽ ജങ്ഷനുതെക്ക് താമരപ്പള്ളിൽ വീട്ടിൽ കുട്ടിക്കൃഷ്ണ(64) നെയാണ് 19 വർഷത്തിനുശേഷം പോലീസ് പിടികൂടിയത്.

ഭാര്യ ജയന്തിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയവെ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ കഴിഞ്ഞ ദിവസം കളമശ്ശേരിയിൽ നിന്നാണ് പിടികൂടിയത്. ഒളിവിൽപ്പോയ ഇയാള്‍ കട്ടപ്പനയിൽ ഒരു ജ്യോതിഷിയുടെ സഹായിയായി പ്രവർത്തിച്ചിരുന്നു. പിന്നീട് കേരളത്തിലും ഒഡിഷയിലും പല പേരുകളിൽ പല ജോലികൾ ചെയ്തു. തുടർന്ന് ഓൺലൈൻ ട്രേഡിങ് തുടങ്ങി. കൊച്ചിയിൽ ഷെയർ മാർക്കറ്റിങ് ബിസിനസ് നടത്തുന്നവരിൽ നിന്നു കിട്ടിയ വിവരത്തെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

2004 ഏപ്രിൽ രണ്ടിന് ആണ് കൊലപാതകം നടന്നത്. ഭാര്യയുമായി വഴക്കിട്ട കുട്ടിക്കൃഷ്ണൻ അവരുടെ വായ പൊത്തിപ്പിടിച്ച് ഭിത്തിയിൽ ഇടിപ്പിച്ചശേഷം ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചു. തുടർന്ന് മരിച്ചുവെന്ന് ഉറപ്പാക്കിയശേഷം തലയറത്തു മാറ്റുകയായിരുന്നു.

അന്ന് രാത്രി മകൾക്കൊപ്പം മൃതശരീരത്തിനരികെ കഴിച്ചുകൂട്ടിയ ഇയാൾ പിറ്റേന്ന് പുലർച്ചേ മാന്നാർ സ്റ്റേഷനിൽ ഹാജരായി കുറ്റം ഏറ്റുപറയുകയായിരുന്നു. തുടർന്ന് മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ വിചാരണയിലിരിക്കെയാണ് ഒളിവിൽപ്പോയത്.