
വാട്സ്ആപ്പിലെ ജനപ്രിയ ഫീച്ചറുകളിൽ ഒന്നാണ് സ്റ്റാറ്റസുകൾ. അതിനാൽ, സ്റ്റാറ്റസ് ഇടാത്തവർ വളരെ ചുരുക്കമായിരിക്കും. ഇത്തവണ ഉപഭോക്താക്കൾ കാത്തിരുന്ന പുതിയ ഫീച്ചർ സ്റ്റാറ്റസിൽ പരീക്ഷിക്കാൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. സ്റ്റാറ്റസിന്റെ കാലാവധി ഉപഭോക്താക്കൾക്ക് നിശ്ചയിക്കാൻ കഴിയുന്ന ഫീച്ചറിനാണ് രൂപം നൽകുന്നത്. ഇതോടെ, പരമാവധി രണ്ടാഴ്ച വരെ സ്റ്റാറ്റസ് നിലനിർത്താൻ സാധിക്കും. നിലവിൽ, 24 മണിക്കൂറാണ് വാട്സ്ആപ്പ് സ്റ്റാറ്റസിന്റെ സമയപരിധി.
പുതിയ അപ്ഡേറ്റിൽ ഈ ഫീച്ചർ എത്തിയേക്കുമെന്നാണ് സൂചന. ഇതോടെ, സ്റ്റാറ്റസ് എത്രനാൾ കാണണമെന്ന് ഉപഭോക്താവിന് തീരുമാനിക്കാൻ കഴിയുന്ന തരത്തിൽ ഓപ്ഷനുകൾ നൽകുന്നതാണ്. ഏറ്റവും ചുരുങ്ങിയ സമയം 24 മണിക്കൂറും പരമാവധി സമയം 2 ആഴ്ചയുമായാണ് സമയപരിധി നിശ്ചയിക്കുക. 24 മണിക്കൂറിനു പുറമേ, മൂന്ന് ദിവസം, ഒരാഴ്ച എന്നിവയാണ് മറ്റ് ഓപ്ഷനുകൾ. ഇതിൽ ഏതു വേണമെങ്കിലും തിരഞ്ഞെടുത്ത് സമയപരിധി സെറ്റ് ചെയ്യാൻ സാധിക്കും. ആദ്യ ഘട്ടത്തിൽ ടെക്സ്റ്റ് സ്റ്റാറ്റസുകൾക്കാണ് സമയപരിധി നിശ്ചയിക്കാനുള്ള ഫീച്ചർ ലഭ്യമാക്കുക.






