
വർക്കല ശാലു വധക്കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. ചാവടിമുക്ക് സ്വദേശി അനിലിനെയാണ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തം കഠിന തടവും പതിനേഴ് ലക്ഷം രൂപ പിഴയും ആണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്. കടം വാങ്ങിയ പണം തിരികെ നൽകാത്തതിലുള്ള വിരോധമാണ് അനിലിനെ കൊലപാതകത്തിലേക്ക് നയിച്ചത്.
പിഴത്തുക ശാലുവിന്‍റെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും ഭർത്താവ് സജീവിനും നൽകാൻ വിധിച്ചു. 2022 ഏപ്രിൽ 28നായിരുന്നു ശാലുവിന്‍റെ കൊലപാതകം. അനിലിന്‍റെ കൈയ്യിൽ നിന്നും ശാലു പണം കടം വാങ്ങിയിരുന്നു. ഇത് തിരിച്ചു ചോദിച്ചപ്പോൾ നൽകാത്ത വിരോധമാണ് കൊലപാതകത്തിന് കാരണം. അയിരൂർ പോലീസാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കൊല്ലപ്പെട്ട ശാലുവിന്റെ ഭർത്താവ്, സഹോദരിമാർ, മകൾ ഉൾപ്പെടെ 33 സാക്ഷികളും, 118 രേഖകളും, 76 തൊണ്ടി മുതലകളും പ്രോസിക്യൂഷൻ വിചാരണ ഘട്ടത്തിൽ ഹാജരാക്കിയിരുന്നു. ഇളയമകന്റെ മുന്നിൽ വച്ചാണ് പ്രതി ശാലുവിനെ വെട്ടിയത്
വെട്ടേറ്റശേഷം ശാലുവിനെ ആശുപത്രിയിൽ എത്തിക്കുന്നതിലടക്കം കാലതാമസമുണ്ടായതായി കുടുംബം ആരോപിച്ചിരുന്നു. മാത്രമല്ല പ്രതിയോടൊപ്പം പൊലീസ് വാഹനത്തിലാണ് ശാലുവിനെ പാരിപ്പള്ളി മെഡിക്കൽ കോളജിലെത്തിച്ചതെന്നും ആരോപണമുയർന്നിരുന്നു. സ്വകാര്യ പ്രസിൽ ജോലി ചെയ്തിരുന്ന ശാലു ഉച്ചക്ക് ഭക്ഷണം കഴിക്കാനായി വീട്ടിലെത്തി മടങ്ങുമ്പോഴാണ് വീടിന് സമീപത്ത് തന്നെ താമസിക്കുന്ന അനിൽ വെട്ടി പരിക്കേൽപിച്ചത്. കഴുത്തിനും ശരീരത്തിൽ പലഭാഗങ്ങളിലും വെട്ടേറ്റ ഷാലു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണമടഞ്ഞത്. രണ്ട് മക്കളാണ് ഷാലുവിനുള്ളത്. ഭർത്താവ് വിദേശത്ത് ജോലി ചെയ്യുകയായിരുന്നു.





