
ഡീസൽ ഓട്ടോറിക്ഷകൾ മറ്റ് ഹരിത ഇന്ധനങ്ങളിലേയ്ക്ക് മാറാനുള്ള കാലപരിധി 22 വർഷമായി ദീർഘിപ്പിച്ച് നൽകാൻ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവ് നൽകി. നിലവിലെ സ്ഥിതിയിൽ 15 വർഷം പൂർത്തിയായ ഓട്ടോറിക്ഷകൾ മറ്റ് ഹരിത ഇന്ധനങ്ങളിലേയ്ക്ക് മാറേണ്ടതുണ്ട്.
ഡീസൽ ഓട്ടോറിക്ഷകൾ ഹരിത ഇന്ധനത്തിലേയ്ക്ക് മാറുന്നതിനുള്ള പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് കാലതാമസം നേരിടുന്നത് കണക്കിലെടുത്തും, കോവിഡ് മഹാമാരികാലത്ത് രണ്ട് വർഷക്കാലം ഓട്ടോറിക്ഷകൾ നിരത്തിലിറക്കാൻ കഴിയാതിരുന്ന സാഹചര്യം പരിഗണിച്ചും ഇതര ഡീസൽ വാഹനങ്ങൾക്ക് ഇത്തരം നിയന്ത്രണമില്ല എന്നതിനാലുമാണ് വർഷം തോറും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടുന്ന ഡീസൽ ഓട്ടോറിക്ഷകളുടെ കാലാവധി 15 വർഷത്തിൽ നിന്നും 22 വർഷമായി ഉയർത്തുന്നത്.
ഉപജീവനത്തിനായി ഓട്ടോറിക്ഷാ ഓടിക്കുന്ന കേരളത്തിലെ അൻപതിനായിരത്തിലധികം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.





