
2023 ഒക്‌ടോബർ ഒന്നുമുതൽ ജനിക്കുന്നവരുടെ സ്‌കൂൾ പ്രവേശം, ആധാർ രജിസ്‌ട്രേഷൻ, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവയ്‌ക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധമാകും.
വോട്ടർപട്ടികയിൽ രജിസ്റ്റർ ചെയ്യാനും സർക്കാർ ജോലികൾക്കും ജനന സർട്ടിഫിക്കറ്റ് തന്നെ വേണ്ടിവരും.
ഇനി മുതൽ വിവിധ സേവനങ്ങള്‍ക്ക് അപേക്ഷ നല്‍കാന്‍ രേഖയായി ജനന സര്‍ട്ടിഫിക്കറ്റ് നിർബന്ധമാകും.
ഇതുസംബന്ധിച്ച ജനനമരണ രജിസ്‌ട്രേഷന്‍ (ഭേദഗതി) നിയമം 2023 ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.
രാജ്യത്തെ എല്ലാ ജനന–-മരണ രജിസ്‌ട്രേഷൻ രേഖകളും രജിസ്‌ട്രാർ ജനറൽ ഓഫ് ഇന്ത്യ ഡാറ്റാശേഖരത്തിന്റെ ഭാഗമാകും.
സംസ്ഥാനതലത്തിലും തദ്ദേശസ്ഥാപന തലത്തിലും ലഭ്യമാകുന്ന വിവരങ്ങൾ കേന്ദ്രവുമായി പങ്കിടേണ്ടത് നിർബന്ധമാക്കുന്ന നിയമമാണ് നിലവിൽവരിക.
2023 ഒക്ടോബർ ഒന്നിന് ശേഷം ജനിക്കുന്ന വ്യക്തിയുടെ ജനനത്തീയതിയും സ്ഥലവും തെളിയിക്കാൻ ഒരൊറ്റ രേഖയായി ജനന സർട്ടിഫിക്കറ്റ് മാത്രം ഉപയോഗിക്കുന്നതിനാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.
അതായത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്നതിന്, ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, വിവാഹ രജിസ്‌ട്രേഷന്‍ എന്നിവയ്‌ക്കെല്ലാം പ്രായം തെളിയിക്കുന്ന രേഖയായി ജനനസര്‍ട്ടിഫിക്കറ്റ് മാത്രം നല്‍കിയാല്‍ മതി.
രജിസ്റ്റര്‍ ചെയ്യപ്പെട്ട ജനനങ്ങള്‍, മരണങ്ങള്‍ എന്നിവയെക്കുറിച്ച് ദേശീയ, സംസ്ഥാനതല ഡാറ്റകള്‍ സൃഷ്ടിക്കാന്‍ ഇത് സഹായിക്കും.
ഇത് പൊതുസേവനങ്ങളുടെയും സാമൂഹിക ആനുകൂല്യങ്ങളുടെയും കാര്യക്ഷമവും സുതാര്യവുമായ വിതരണം, ഡിജിറ്റല്‍ രജിസ്‌ട്രേഷന്‍ എന്നിവ ഉറപ്പാക്കും.
ദത്തെടുക്കപ്പെട്ട, അനാഥ, ഉപേക്ഷിക്കപ്പെട്ട, അല്ലെങ്കില്‍ താത്ക്കാലികമായി കൂടെക്കഴിയുന്ന കുഞ്ഞുങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനും നിയമനിര്‍മാണം വ്യവസ്ഥ ചെയ്യുന്നു.
പുതിയ നിയമത്തിനുകീഴില്‍ മരണകാരണം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് മെഡിക്കല്‍ സ്ഥാപനങ്ങള്‍ രജിസ്ട്രാര്‍ക്ക് നല്‍കേണ്ടത് നിര്‍ബന്ധമാക്കുന്നു.






