
പെരിന്തല്‍മണ്ണ: ആഡംബര ബൈക്കുകൾ മോഷണം നടത്തുന്ന സംഘം പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിൽ. മൂന്ന് ജില്ലകളിലായി നിരവധി ബൈക്ക് മോഷണക്കേസുകളിൽ പ്രതികൾ ആയ സംഘമാണ് മലപ്പുറത്ത് പിടിയിലായത്. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിന്നാണ് പ്രതികൾ മോഷണം നടത്തിയത്.
പാലക്കാട് ചളവറ സ്വദേശി മുഹമ്മദ് ബിലാൽ, മലപ്പുറം വട്ടത്താണി സ്വദേശി മുഹമ്മദ് ഫസലു, കോട്ടയം അറനൂറ്റിമംഗലം സ്വദേശി അനന്തു എന്നിവരാണ് അറസ്റ്റിൽ ആയത്. വീടുകളിലും റോഡരികിലും നിർത്തിയിടുന്ന ബൈക്കുകളാണ് സംഘം മോഷ്ടിക്കുക. തുടർന്ന് വ്യാജ നമ്പർ പ്ലേറ്റുകൾ പിടിപ്പിച്ചും രൂപ ഘടന മാറ്റിയും ഇതേ ബൈക്കുകളിൽ കറങ്ങുന്നതായിരുന്നു ഇവരുടെ രീതി.
പെട്രോൾ അടിച്ച ശേഷം പമ്പുകളിൽ പണം നൽകാതെ മുങ്ങിയെന്ന പരാതിയും ഇവർക്ക് എതിരെയുണ്ട്. റോഡരികിലുഉള്ള ക്ഷേത്രങ്ങളുടെയും പള്ളികളുടെയും ഭണ്ഡാരങ്ങൾ കവർ ചെയ്ത കേസിലും ഇവർ പ്രതികളാണ്. മുഹമ്മദ് ബിലാലിനെതിരെ തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 25 കേസുകളാണ് ഉള്ളത്. മുഹമ്മദ് ഫസലുവിന് എതിരെ ബൈക്ക് മോഷ്ടിച്ച കേസും അനന്തുവിന് എതിരെ കോട്ടയത്ത് ലഹരിക്കടത്തിനും കേസുകള്‍ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. മോഷ്ടിച്ച മിക്ക ബൈക്കുകളും കേരളത്തിന് പുറത്താണ് സംഘം വിൽപന നടത്തിയിരുന്നത്.
കഴിഞ്ഞ ദിവസം അങ്ങാടിപ്പുറം വൈലോങ്ങരയിലും ആശാരിപ്പടിയിലും പെരിന്തൽമണ്ണ ജൂബിലി ജങ്ഷന് സമീപത്തു നിന്നും മൂന്ന് ബൈക്കുകൾ മോഷണം പോയിരുന്നു. വൈലോങ്ങര മേച്ചേരിപ്പറമ്പ് വട്ടപ്പറമ്പിൽ അക്ബറിന്‍റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന 1,70,000 രൂപ വിലയുള്ള ബൈക്കാണ് മോഷണം പോയത്.





