
അർഹരായ കുടുംബങ്ങൾക്കുള്ള പുതിയ എഎവൈ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന് നടക്കും. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ഇന്ന് വൈകിട്ട് 4:00 മണിക്ക് മന്ത്രി ജി.ആർ ഉദ്ഘാടന കർമ്മം നിർവഹിക്കുന്നതാണ്. ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അർഹരായ പതിനഞ്ചായിരം കുടുംബങ്ങൾക്കാണ് പുതിയ എഎവൈ കാർഡുകൾ വിതരണം ചെയ്യുക.
സംസ്ഥാന സർക്കാറിന്റെ ‘കേരളീയം’ പരിപാടിയുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് കേരളത്തിന്റെ ഭക്ഷ്യസുരക്ഷയെ സംബന്ധിച്ച് നവംബർ രണ്ടിന് സംഘടിപ്പിക്കുന്ന സെമിനാറിന്റെ കർട്ടൻ റെയ്സർ വീഡിയോ പ്രദർശനവും, ഡിജിറ്റൽ പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമേ, റേഷൻ കാർഡുകളുമായി ബന്ധപ്പെട്ടുള്ള തെറ്റുകൾ തിരുത്തുന്നതിനും, പുതിയ വിവരങ്ങൾ കൂട്ടിച്ചേർക്കുന്നതിനും ഉള്ള ‘തെളിമ’ പദ്ധതിയുടെ മൂന്നാം ഘട്ട ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടക്കുന്നതാണ്.





