
കെഎസ്ആർടിസി ജീവനക്കാർക്ക് നൽകാനുള്ള ശമ്പള കുടിശ്ശിക നാളെ വിതരണം ചെയ്യും. സെപ്റ്റംബർ മാസത്തെ രണ്ടാം ഗഡു ശമ്പളമാണ് നാളെ വിതരണം ചെയ്യുക. നിലവിൽ, ശമ്പള വിതരണത്തിനായി സർക്കാർ 20 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ തുക തിങ്കളാഴ്ചയോടെയാണ് അക്കൗണ്ടിൽ എത്തുക. തുക പൂർണമായും അക്കൗണ്ടിൽ എത്തുന്ന പക്ഷം ജീവനക്കാർക്കുള്ള ശമ്പള വിതരണം നടത്തുന്നതാണ്.
രണ്ടാം ഗഡു ശമ്പളം നൽകാൻ ആകെ 38 കോടി രൂപയാണ് വേണ്ടത്. ഇതിൽ 18 കോടി രൂപ മാനേജ്മെന്റിന്റെ കൈവശമുണ്ട്. ബാക്കിയുള്ള 20 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ശമ്പള വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് ടിഡിഎഫ് പ്രവർത്തകർ ഇന്നലെ കെഎസ്ആർടിസി ആസ്ഥാനത്ത് ഉപരോധം സംഘടിപ്പിച്ചിരുന്നു. രണ്ടാം ഗഡു ശമ്പള വിതരണവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് നേരിയ ശമനം ഉണ്ടായിട്ടുണ്ടെങ്കിലും, വിരമിച്ച ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. പെൻഷൻ വിതരണത്തിന്റെ കാര്യത്തിൽ സർക്കാർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. രണ്ട് മാസത്തെ പെൻഷൻ കുടിശ്ശികയാണ് നൽകാനുള്ളത്.





