
പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും,അധ്യാപകനുമായ സനു കുമ്മിളിന്റെ “സിനിമാപെട്ടി ” ഇനി സ്പാനിഷ് സബ് ടൈറ്റിലോടെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേയക്ക്.
വ്യത്യാസ്ഥത നിറഞ്ഞ പച്ചയായ ജീവിതങ്ങൾ കഥാപാത്രമാക്കിയാണ് സനു ഡോക്യുമെന്ററികൾ തയ്യാറാക്കുന്നത്. ഇതുവരെ 4 ഡോക്യുമെന്ററികളാണ് ഇദ്ദേഹം സമ്മാനിച്ചിട്ടുള്ളത്.
സനു ആദ്യം സംവിധാനം ചെയ്ത “ഒരു ചായക്കടക്കാരന്റെ മൻകി ബാത്ത്” എന്ന ഹ്രസ്വചിത്രം ജീവിതയാഥാർത്ഥ്യങ്ങളോട് പടപൊരുതി അവസാനം നോട്ടുനിരോധനത്തിൽ എല്ലാ സമ്പാദ്യങ്ങളും നഷ്ടപ്പെട്ട കടയ്ക്കലുള്ള ഒരു ചായക്കടക്കാരന്റെ പച്ചയായ ജീവിതം ജനങ്ങളിലേക്ക് എത്തിച്ചു.

കോമാളി എന്ന് പൊതുസമൂഹത്തിൽ അധികവും വിധിയെഴുതിയ ആ മനുഷ്യൻ രാജ്യം ഭരിക്കുന്നവരെ “പോടാ പുല്ലേ എന്ന്” വിളിച്ച് വെല്ലു വിളിച്ചപ്പോഴാണ് മാക്സിക്കുള്ളിലെ തന്റേടം ഉള്ള ആ മനുഷ്യനെ നാടും നാട്ടുകാരും തിരിച്ചറിഞ്ഞത് എന്തും വെട്ടിത്തുറന്ന് പറയുന്ന, ആടുജീവിതം നയിച്ച വെന്തുരുകിയ മറ്റൊരു മനുഷ്യനുണ്ടെന്ന തിരിച്ചറിവാണ് ഈ ഡോക്യുമെന്ററിലൂടെ സനു അവതരിപ്പിച്ചത്.

2018 ൽ അടൂർ ഫാസി കൾച്ചറൽ ഫോറം സംഘടിപ്പിച്ച ഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററി സംവിധാനായി സനുവിനെ തിരഞ്ഞെടുത്തു,കൂടാതെ പതിനൊന്നാമത് ഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഓഫ് കേരള മത്സരത്തിൽ ഏറ്റവും നല്ല ഡോക്യുമെന്ററി ആയി ഇതിനെ തിരഞ്ഞെടുത്തു.

സനുവിന്റെ രണ്ടാമത്തെ ഡോക്യുമെന്ററിയാണ് “6 FEET UNDER” 2019 ഈ ഡോക്കുമെന്റ് പുറത്തിറക്കി,പുതുമയുള്ള ജീവിതകഥമായാണ് സനു വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തിയത്..ഒരു വ്യാഴവട്ടക്കാലം കേരളത്തിലെ വിവിധ ജില്ലകളിൽ നടന്ന നിരവധി സംഭവങ്ങളിലൂടെയാണ് ഡോക്യുമെന്ററി സഞ്ചരിക്കുന്നത്.

തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ സിക്സ് സീറ്റ് അണ്ടർ പ്രദർശിപ്പിച്ചിരുന്നു.നേപ്പാളിൽ നടന്ന പന്ത്രണ്ടാമത് ഫിലിം സൗത്ത് ഫെസ്റ്റിവലിൽ മലയാളത്തിൽ തിരഞ്ഞെടുത്തത് ഈ ചിത്രമാണ്.

സനുവിന്റെ മൂന്നാമത്തെ ഡോക്യുമെന്ററി ആണ് ‘സിനിമാ പെട്ടി’ 2021 ൽ ഇത് പുറത്തിറങ്ങി.11 വർഷക്കാലം സിനിമ പെട്ടിയുമായി സൈക്കിൾ ചവിട്ടിയ നിസാറിലൂടെയാണ് കേരളത്തിലെ പെട്ടിക്കെട്ടു കാരുടെ ജീവിതത്തെ സംവിധായകൻ അവതരിപ്പിച്ചത്.ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തുനിന്നും ഡിജിറ്റലൈസേഷന്റെ വിസ്മയകാലത്തേക്കുള്ള മലയാള സിനിമയുടെ പ്രയാണത്തെ കൃത്യമായി കുറിച്ചിടുന്നതോടൊപ്പം വെള്ളിത്തിരയുടെ ഈ പരിണാമ പ്രവാഹത്തിനിടെ പുറന്തള്ളപ്പെട്ടു പോയ ഒരു വിഭാഗത്തെ പൊതുസമൂഹത്തിൽ ഓർമ്മപ്പെടുത്തുകയാണ് ഈ ചിത്രം.

സനുവിന്റെ നാലാമത്തെ ഡോക്യുമെന്ററിയാണ് “THE UNKNOWN KERALA STORIES
രാജ്യത്തെ മറ്റൊരു മണ്ണിനും അവകാശപ്പെടാനോ , ആലോചിക്കാനോ എന്തിനേറെ സ്വപ്നം കാണാനോ കഴിയാത്ത ഒരുമയുടെ എണ്ണമറ്റ സൗഹൃദാനുഭവങ്ങൾക്ക് സമൃദ്ധമാണ് ഈ കൊച്ചു കേരളം.

പാതിവെന്ത നുണകളും കെട്ടിച്ചമച്ച കഥകളും കൊണ്ട് ഏച്ചുകെട്ടിയ അജണ്ടകൾക്കും പ്രോപ്പഗണ്ടകൾക്കും മഴവിൽ കുമിളുകളുടെ ആയുസേ ഈ സ്നേഹത്തുരുത്തിലുള്ളൂ.
അസത്യം കോരിച്ചൊരിയുന്ന കാലത്ത് കഥകളല്ല, കരളിൽ തൊടുന്ന അനുഭവങ്ങൾ തേടിയൊരു യാത്ര പോയിരുന്നു … ആ യാത്രയിൽ പകർത്തിയവ ഒട്ടിച്ചു ചേർത്തൊരു ഡോക്യു സിനിമയും തയ്യാറാക്കി അതാണ് . “THE UNKNOWN KERALA STORIES”

കൊല്ലം ജില്ലയിലെ കുമ്മിളിൽ എ സഫറുള്ളഖാന്റെയും, എ മജിലത്തിന്റെയും മകനായി ജനിച്ച സനു കുമ്മിൾ ഹയർ സെക്കൻഡറി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം നിലമേൽ എൻ എസ് എസ് കോളേജ്, കെ പി ആർ എം ടീച്ചേഴ്സ് ട്രെയിനിങ് കോളേജ്,പ്രസ് ക്ലബ് തിരുവനന്തപുരം എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി.

അധ്യാപനം, പത്രപ്രവർത്തനം, ഡോക്യുമെന്ററി, ഫോട്ടോഗ്രാഫി മേഖലകളിൽ പ്രവർത്തിക്കുന്നു.സംസ്ഥാന സർക്കാരും, ചലച്ചിത്ര അക്കാദമിയും സംഘടിപ്പിച്ച പതിനൊന്നാമത് ഇന്റർനാഷണൽ ഡോക്യുമെന്ററി ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററിക്കുള്ള അവാർഡ്,ഫെസ്റ്റിവൽ ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യയുടെ (FFSI) സൈൻസ് ഫെസ്റ്റിൽ മികച്ച ഡോക്യുമെറിക്കുള്ള പുരസ്കാരം,മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള പുരസ്കാരം,

മികച്ച ഡോക്യുമെന്ററിക്കുള്ള സത്യജിത് റായ് പുരസ്കാരം,അടൂർ ഭാസി അവാർഡ്,പുരോഗമന കലാസാഹിത്യ അവാർഡ്, സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അവാർഡ് എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത അവാർഡുകൾ സനുവിനെ തേടി എത്തിയിട്ടുണ്ട്.

നാഷ്മി സനു ആണ് ഭാര്യ, നെയ്റ സനു,ഇതൾ സനു എന്നിവർ മക്കളാണ്. കൊല്ലം ജില്ലയിൽ കുമ്മിൾ നിലാവിൽ സ്ഥിര താമസം.ഇങ്ങനെ ജീവിതയാഥാർത്ഥ്യങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് വീണ്ടും ഡോക്യുമെന്ററി രൂപത്തിൽ പുറത്തിറങ്ങുന്ന സനുവിന്റെ പുതിയ സൃഷ്ടിയും ലോകം ഇരു കൈ നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പ്.
റിപ്പോർട്ട്
സുജീഷ് ലാൽ കടയ്ക്കൽ








