
കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ഇനി മുതൽ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ അഥവാ കേരള സ്റ്റേറ്റ് ഡിഫറന്റ്‌ലി ഏബിൾഡ് വെൽഫെയർ കോർപ്പറേഷൻ ലിമിറ്റഡ് എന്ന പേരിൽ അറിയപ്പെടുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
വികലാംഗർ എന്നുള്ള പദപ്രയോഗം ഔദ്യോഗിക കാര്യങ്ങളിൽ നിന്ന് ഒഴിവാക്കാൻ നേരത്തേതന്നെ മന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് തീരുമാനമെടുത്ത് കേന്ദ്രസർക്കാരിനു കീഴിലെ കമ്പനി മന്ത്രാലയത്തെ സമീപിച്ചുവെങ്കിലും സാങ്കേതിക കാരണങ്ങളാൽ അംഗീകാരം നിഷേധിച്ചു. പുനർനാമകരണം വേഗമാക്കാൻ വീണ്ടും സാമൂഹ്യനീതി വകുപ്പ് ശക്തമായ നിർദ്ദേശം കോർപ്പറേഷന് നൽകി. 2023 ആഗസ്റ്റിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗം വീണ്ടും ഇതേ ആവശ്യം കേന്ദ്രസർക്കാറിനു കീഴിലെ കമ്പനി മന്ത്രാലയത്തിൽ ഓൺലൈനായി സമർപ്പിച്ചു. ഇതേത്തുടർന്നാണ് പുതിയ പേരിന് അംഗീകാരം.
സർക്കാർ, പൊതുവേദികളിൽ ഔദ്യോഗികമായി പൂർണ്ണമായും പുനർനാമകരണം നിലവിൽ വരാൻ ഡയറക്ടർ ബോർഡ് യോഗവും ജനറൽബോഡി യോഗവും വിളിച്ചുചേർക്കണം. ഡയറക്ടർ ബോർഡ് യോഗം ഒക്ടോബർ 25ന് ചേരും. തുടർന്ന് ജനറൽബോഡി യോഗവും വിളിച്ചുചേർത്ത് അടിയന്തരമായി പേരുമാറ്റ നടപടികൾ പൂർത്തീകരിക്കുമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു






