സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിലുളള കേരളീയം ഓൺലൈൻ മെഗാ ക്വിസ് ഒക്ടോബർ 19-ന് നടക്കും. 19-ന് വൈകിട്ട് 7:30-ന് ഓൺലൈനായാണ് ക്വിസ് പരിപാടി സംഘടിപ്പിക്കുക. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ക്വിസ് പ്രോഗ്രാം എന്ന റെക്കോർഡ് സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് കേരളീയം മെഗ ഓൺലൈൻ ക്വിസ് സംഘടിപ്പിക്കുന്നത്. ചോദ്യങ്ങളും ഉത്തരങ്ങളും മലയാളത്തിലാണ് ഉണ്ടാവുക. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും മലയാളികൾക്ക് പ്രായവ്യത്യാസമില്ലാതെ ക്വിസ് പ്രോഗ്രാമിൽ പങ്കെടുക്കാവുന്നതാണ്.

ചരിത്രം, കല, സംസ്കാരം, സയൻസ്, ഗണിതം, സാമൂഹ്യശാസ്ത്രം, സാഹിത്യം തുടങ്ങിയ വിഷയങ്ങളിലായി 50 ചോദ്യങ്ങളാണ് ഉണ്ടാവുക. ഓരോ ചോദ്യത്തിനും 10 സെക്കന്റിനുള്ളിൽ ഉത്തരം രേഖപ്പെടുത്തണം. ക്വിസുമായി ബന്ധപ്പെട്ടുള്ള വ്യവസ്ഥകളും, രജിസ്ട്രേഷനും മറ്റും അറിയാൻ keraleeyam.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ഒരു ലക്ഷം രൂപയാണ് മത്സരത്തിന്റെ സമ്മാനത്തുക. നവംബർ 7ന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന കേരളീയം പരിപാടിയുടെ സമാപന ചടങ്ങിൽ സമ്മാനം വിതരണം ചെയ്യും.