ചെറുതോണി: ഉപഭോക്താവിന്റെ അപേക്ഷയോ അനുമതിയോ ഇല്ലാതെ വൈദ്യുതി വിച്ഛേദിച്ചതിന് കെഎസ്ഇബിക്ക് പിഴയിട്ട് കോടതി. എട്ടു ദിവസത്തോളം വൈദ്യുതി നിഷേധിച്ചതിന് ഉപഭോക്താവിന് കെഎസ്ഇബി 10,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതിച്ചെലവും നല്‍കണം. കെഎസ്ഇബി പൈനാവ് സെക്ഷൻ പരിധിയിലെ ഉപഭോക്താവ് വാഴത്തോപ്പ് പൂന്തുരുത്തിയിൽ ലൂസമ്മ തങ്കച്ചന്റെ പരാതിയില്‍ ഇടുക്കി ജില്ലാ ഉപഭോക്തൃതർക്കപരിഹാര കോടതി കോടതിയുടെ ആണ് വിധി.

പരാതിക്കാരിയുടെ അറിവോ സമ്മതമോ ഇല്ലാതെ, വീട്ടിലേക്കുള്ള വൈദ്യുതിലൈനും പോസ്റ്റും കെഎസ്ഇബി ജീവനക്കാർ അഴിച്ചുമാറ്റുകയായിരുന്നു. വൈദ്യുതിബില്ലിൽ കുടിശ്ശിക വരുത്താത്ത തന്റെ വീട്ടിലേക്കുള്ള വൈദ്യുതിബന്ധം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർക്ക് പരാതിയും നൽകി. എന്നാൽ, നടപടി എടുത്തില്ല.

പരാതിക്കാരി കെഎസ്ഇബിയുടെ സെൻട്രലൈസ്ഡ് കസ്റ്റമർ കെയറിലും, ഇടുക്കി പോലീസിലും പരാതിപ്പെട്ടു. പരാതി പരിഹരിക്കണമെന്ന ഇടുക്കി പോലീസിന്റെ നിർദേശവും ഉദ്യോഗസ്ഥർ അവഗണിച്ചു. തുടർന്നാണ്, ലൂസമ്മ ഇടുക്കി ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതിയെ സമീപിച്ചത്. മൂന്ന് ദിവസത്തിനുള്ളിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കണമെന്നും കോടതി ഉത്തരവിട്ടു. പരാതിക്കാരിക്കുവേണ്ടി അഡ്വ. ബേബിച്ചൻ വി ജോർജ് ഹാജരായി.