ആലുവ: ഒരേ സ്ഥലത്ത് നിന്ന് പതിനൊന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച ഇതര സംസ്ഥാനത്തൊഴിലാളികളെ തന്ത്രപൂർവ്വം കുടുക്കി പോലീസ്. വെസ്റ്റ്ബംഗാൾ പൊക്കാരിയ സ്വദേശി അലി മുഹമ്മദ് (20), ഗോൽ പൊക്കാർ സ്വദേശി അഖിൽ (22) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്. 23 ന് രാത്രി മെട്രോയിലെ സെക്യൂരിറ്റി ജീവനക്കാർ താമസിക്കുന്ന കമ്പനിപ്പടിയിലുള്ള വാടക വീട്ടിൽ നിന്നുമാണ് 11 മൊബൈൽ ഫോണുകൾ മോഷ്ടിച്ചത്.

രണ്ട് ഫോണുകൾ എറണാകുളം കെ.എസ്.ആർ.ടി.സി ബസ്റ്റാൻറിന് സമീപം വിറ്റതായി പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്ന് അന്വേഷണം എറണാകുളം കേന്ദ്രീകരിച്ചായി. മറ്റു ഫോണുകളും ഇതേ കടയിൽ വിൽക്കാനെത്തിയപ്പോൾ പോലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു. മൊബൈൽ വിറ്റ് കിട്ടുന്ന പണവുമായി രാത്രി തന്നെ നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു പ്രതികൾ. പിടികൂടുമ്പോൾ രാത്രി പുറപ്പെടാനുള്ള ട്രയിൻ ടിക്കറ്റും ഉണ്ടായിരുന്നു. ആളുകൾ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലം പകൽ സമയം കണ്ടു വച്ച് രാത്രി ഇവരുടെ മൊബൈലും മറ്റും ഒരുമിച്ച് മോഷ്ടിക്കുകയാണ് രീതി.

പ്രത്യേകിച്ച് അതിഥി ത്തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിലാണ് മോഷണം നടത്തുന്നത്. ഒരു സ്ഥലത്ത് സ്ഥിരമായി താമസിക്കുന്ന സ്വഭാവം ഇവർക്കില്ല. പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത പ്രതികൾ മോഷ്ടിച്ചു കിട്ടുന്ന പണം ആഡംബര ജീവിതത്തിനാണ് ഉപയോഗിക്കുന്നത്. എറണാകുളത്തും സമാന സ്വഭാവത്തിലുള്ള മോഷണത്തിന് കേസുണ്ട്.

ഇൻസ്പെക്ടർ എം.എം.മഞ്ജുദാസ്, എസ്.ഐ എസ്.എസ്.ശ്രീലാൽ, എ.എസ്.ഐ പി.എ.അബ്ദുൾ റഹ്മാൻ, സി.പി. ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ്‌ അമീർ, കെ.എം.മനോജ്‌ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.