സമഗ്രശിക്ഷാ കേരളയുടെ സ്റ്റാര്‍സ് പദ്ധതിപ്രകാരം അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ചുള്ള കിലുക്കാംപെട്ടി പ്രീപ്രൈമറി വര്‍ണക്കൂടാരം പദ്ധതി കൊല്ലം ജില്ലയിലെ നിലമേല്‍ സര്‍ക്കാര്‍ യു.പി സ്‌കൂളില്‍ യാഥാര്‍ഥ്യമായി. ഭാഷ, ശാസ്ത്രം, കരകൗശലം, ചിത്രകല, തുടങ്ങി 13 മേഖലകളെ വ്യത്യസ്ത ഇടങ്ങളാക്കി മാറ്റിയാണ് പഠനം അനുഭവവേദ്യമാക്കുന്നത്. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയാണ് സംവിധാനങ്ങള്‍ ഉദ്ഘാടനം ചെയ്തത്.

പ്രിപ്രൈമറി പഠനത്തെ ആധുനികകാലത്തിന് ചേരുംവിധം പരിഷ്‌കരിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് വിഭാവനം ചെയ്ത പദ്ധതിയാണ് ഇവിടെ മികവോടെ നടപ്പിലാക്കുന്നത്. നിറംപിടിപ്പിച്ച പാതയും വെള്ളച്ചാട്ടവുമൊക്കെ കുഞ്ഞുമനസ്സുകളില്‍ കൗതുകത്തോടൊപ്പം അറിവും നിറയ്ക്കുന്നതിന് പര്യാപ്തമാണ്. പക്ഷിമൃഗാദികളുടെ ശില്പങ്ങളിലൂടെ പ്രകൃതിയെ അറിയാനുമാകും. ആമ്പല്‍ക്കുളം തീര്‍ത്ത് ജീവോത്പത്തിയുടെ നാള്‍വഴികളും ഒരുക്കിയിട്ടുണ്ട്.

ഹെലികോപ്റ്ററിന്റെയും സംഗീതഉപകരണങ്ങളുടെ മാതൃകയും സജ്ജമാക്കിയിട്ടുണ്ട്. കലാപരിപാടികള്‍ക്കായി സ്റ്റേജും പുതിയകാല കാഴ്ചകള്‍ക്കായി ടെലിവിഷന്‍ സ്‌ക്രീനുമുണ്ട്. പാവകള്‍ക്കും കളിപ്പാട്ടങ്ങള്‍ക്കും പുറമേ റൈഡുകളും ഊഞ്ഞാലുകളുമൊക്കെ ഒരുക്കിയിട്ടുമുണ്ട്. ശില്പി സോളമന്‍ കടവൂര്‍ രൂപകല്പന ചെയ്ത ഹരിതോദ്യാനവും ഇവിടെയുണ്ട്.