
കല, സാഹിത്യം, സാംസ്‌കാരികം തുടങ്ങിയ മേഖലകളിലെ സമഗ്ര സംഭാവനയ്ക്കുള്ള ഇത്തവണത്തെ ‘നിയമസഭാ അവാർഡ്’ എം.ടി വാസുദേവൻ നായർക്ക്. നവംബർ ഒന്ന് മുതൽ ഏഴ് വരെ നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെ.എൽ.ഐ.ബി.എഫ്) രണ്ടാം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. അശോകൻ ചരുവിൽ, പ്രിയ കെ. നായർ, നിയമസഭാ സെക്രട്ടറി എ.എം. ബഷീർ എന്നിവർ അംഗങ്ങളായ ജൂറി പാനലാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.






