സംസ്ഥാനത്തിന്റെ നേട്ടങ്ങൾ ആഘോഷമാക്കി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവന്തപുരത്ത് നടക്കുന്ന കേരളീയത്തിന്റെ ഭാഗമായ എക്‌സിബിഷനു മുന്നോടിയായി മാനവീയം വീഥിയിൽ ചുവർചിത്രം വരയ്ക്കൽ ‘മൊസൈക് ഓഫ് എക്‌സ്പ്രഷൻ’ ഒക്‌ടോബർ 24ന് വൈകിട്ട് ആറുമണിക്ക് നടക്കും. സമകാലീനരായ 13 യുവ കലാകാരികളാണ് മാനവീയം വീഥിയിൽ ചുവർചിത്രങ്ങൾ ഒരുക്കുന്നത്.കേരളീയം സ്വാഗതസംഘം ചെയർമാനായ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്യും. കൊച്ചി ബിനാലെ ഫൗണ്ടേഷൻ സ്ഥാപകനായ ബോസ് കൃഷ്ണമാചരിയാണ് മാനവീയം വീഥിക്ക് ശോഭ പകരുന്ന മ്യൂറൽ എക്‌സിബിഷൻ ക്യൂറേറ്റ് ചെയ്യുന്നത്. കേരളീയത്തിന്റെ ലോഗോ രൂപകല്പന ചെയ്തതും ബോസ് കൃഷ്ണാമാചാരിയാണ്.

അനുപമ ഏലിയാസ്, അക്ഷയ കെ. സുരേഷ്, പി.എസ്. ജലജ, പി.എസ്. ജയ, ഹെൽന മെറിൻ ജോസഫ്, ഹിമ ഹരിഹരൻ, മറിയം ജാസ്മിൻ, മോണ ഇസ, സബിത കടന്നപ്പള്ളി, സാറ ഹുസൈൻ, കെ.ശിൽപ, വി.എൻ. സൗമ്യ, യാമിനി മോഹൻ എന്നീ യുവകലാകാരികളാണ് ആർട് ഓഫ് എക്‌സ്പ്രഷനുമായി കേരളീയത്തിനു നിറം പകരാനെത്തുന്നത്.